തൃശൂര്‍: തൃശൂര്‍ അന്തിക്കാട് റിയൽ എസ്‍റ്റേറ്റ് സംഘത്തെ ബന്ധിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട ഗുണ്ടാസംഘം പിടിയിൽ. പൊലീസ് സംഘം അതിസാഹസികമായാണ് വീട് വളഞ്ഞ് ഗുണ്ടാസംഘത്തെ കീഴ്‍പ്പെടുത്തി ബന്ധികളെ മോചിപ്പിച്ചത്. പൊലീസ് നടപടിക്കിടെ രക്ഷപ്പെട്ട 13 പേർക്കായി പൊലീസ് തൃശൂര്‍ ജില്ലയിൽ വ്യാപക തെരച്ചിൽ നടത്തുകയാണ്. 

കുപ്രസിദ്ധ ഗുണ്ടാ നേതാവ് കായിക്കുരു രാഗേഷിന്‍റെ നേതൃത്വത്തിലുള്ള 25 അംഗ ഗുണ്ടാസംഘമാണ് റിയൽ എസ്‍റ്റേറ്റ് ഇടപാടുകാരെ വിളിച്ച് വരുത്തി ബന്ധിയാക്കിയത്. സ്ഥലക്കച്ചവടത്തിന്‍റെ ചർച്ചകൾക്കെന്ന് പറഞ്ഞാണ് സംഘം റിയൽ എസ്‍റ്റേറ്റ് ബിസിനസുകാരായ പാലക്കാട് സ്വദേശി ഫൈസൽ , എറണാകുളം സ്വദേശി കൃഷ്ണകുമാർ , ആലപ്പുഴ സ്വദേശി വിഷ്ണു , കോട്ടയം സ്വദേശി സോയി എന്നിവരെ പെരിങ്ങോട്ടുകരയിൽ എത്തിച്ചത്.

ഗുണ്ടാസംഘത്തിലെ അംഗമായ ബിനിലിന്‍റെ ചെമ്മാപ്പിള്ളി സഹൃദയ നഗറിലുള്ള വീട്ടിൽ ചർച്ചയ്ക്ക് എത്തിയ ഇടപാടുകാരെ സംഘം മുറിയിൽ പൂട്ടിയിട്ടു. ഇവരുടെ കൈവശമുണ്ടായിരുന്ന പതിനായിരത്തോളം രൂപ കവർന്നെടുത്ത സംഘം 10 ലക്ഷം രൂപ മോചനദ്രവ്യവും ആവശ്യപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും കത്തിചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

പണം സംഘടിപ്പിക്കാനായി സംഘത്തിലെ ഒരാൾ വീട്ടിലേക്ക് വിളിച്ചതോടെ ബന്ധുക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്‍പി ഫേമസ് വർഗീസിന്‍റെ നിർദ്ദേശപ്രകാരം മഫ്ത്തിയിൽ എത്തിയ പൊലീസ് സംഘം നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ വീടു കണ്ടെത്തി. കൂടുതൽ പൊലീസുകാരെ സ്ഥത്തെത്തിച്ച് വീട് വളഞ്ഞു. ഗുണ്ടാ സഘം പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അതി സാഹസികമായി സംഘത്തെ കീഴ്പ്പെടുത്തി പൊലീസ് ബന്ധികളെ മോചിപ്പിച്ചു. സംഘത്തിലുണ്ടായിരുന്ന 12 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. ആയുധങ്ങളുമായി രക്ഷപ്പെട്ട 13 പേർക്കായി ജില്ലയിൽ തെരച്ചിൽ തുടരുകയാണ്.