പട്ന: ഹോട്ടല്‍ റൂമില്‍ വച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ബിഹാറിലെ പട്നയില്‍ ചൊവ്വാഴ്ചയാണ് സംഭവം. പട്നയിലെ സഹാര്‍സയില്‍ പോസ്റ്റിംഗ് ലഭിച്ച രാജീവ് കുമാറാണ് അറസ്റ്റിലായത്. സാസാറാം വനിത ബറ്റാലിയനിലെ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന ഇവരുടെ ഭര്‍ത്താവും രാജീവിന്‍റെ സുഹൃത്തുമായ ആളുടെ പരാതിയിലാണ് നടപടി. 

ഭാര്യയെ രാജീവ് പീഡിപ്പിച്ചതായി പൊലീസുകാരന്‍ കൂടിയായ ഇയാളാണ് പരാതിപ്പെട്ടത്. രാജീവുമായി ഏറെക്കാലത്തെ അടുപ്പമുള്ള പൊലീസുകാരനാണ് പരാതിക്കാരനെന്നും പൊലീസ് വ്യക്തമാക്കുന്നു. രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് ഹോട്ടല്‍ മുറിയില്‍ റെയ്ഡ് നടത്തുകയായിരുന്നു. രാജീവ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് പരാതിക്കാരന്‍റെ ഭാര്യയും പൊലീസ് റിക്രൂട്ട്മെന്‍റ് സെന്‍ററില്‍ ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥ ഹോട്ടല്‍ മുറിയില്‍ എത്തിയത്. 

ഭാര്യ രാജീവിനൊപ്പം ഹോട്ടല്‍ മുറിയിലുണ്ടെന്ന് മനസിലാക്കിയതോടെയാണ് പരാതിക്കാരന്‍ പൊലീസിനെ സമീപിച്ചത്. എന്നാല്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് പറയപ്പെടുന്ന പൊലീസുകാരി രാജിവിനെതിരെ പരാതി നല്‍കിയിട്ടില്ല. തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും ഇവര് പൊലീസിന് മൊഴി നല്‍കി. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. അറസ്റ്റ് ചെയ്ത പൊലീസുകാരനെ ജയിലിലേക്ക് അയച്ചു. ഇരയാക്കപ്പെട്ട സ്ത്രീയുടെ മൊഴി അനുസരിച്ച് കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വിശദമാക്കി.