ജയ്പൂര്‍: രാജസ്ഥാനില്‍ പൊലീസ് കോണ്‍സ്റ്റബിളിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. രജ്സമന്ത് ജില്ലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ജാര്‍ഖണ്ഡില്‍ ഒരുമാസം മുമ്പ് 24 കാരനെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊന്നതിന്‍റെ നടുക്കം മാറുന്നതിന് മുമ്പാണ് മറ്റൊരു ആള്‍ക്കൂട്ട ആക്രമണംകൂടി നടന്നിരിക്കുന്നത്. 

48കാരനായ ഹെഡ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് ഖനിയാണ് കൊല്ലപ്പെട്ടത്. ഭൂമി ഇടപാട് സംബന്ധിച്ച വിഷയം അന്വേഷിക്കാന്‍ സ്ഥലത്ത് എത്തിയ മുഹമ്മദ് ഖനിയെ വാക്ക് തര്‍ക്കത്തിനിടെ ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഖനിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ അടുത്തുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം പരിശോധിച്ചു. രാജസ്ഥാനില്‍ നിരവധി ആള്‍ക്കൂട്ട ആക്രമണങ്ങളാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കന്നുകാലികളെ കടത്തുന്നുവെന്ന് ആരോപിച്ച് 28കാരനായ റക്ബര്‍ ഖാന്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായത് രാജസ്ഥാനില്‍ വച്ചാണ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഗുരുതരമായി പരിക്കേറ്റ ഇയാള്‍ മരിക്കുകയും ചെയ്തു. 

2017 കന്നുകാലികളെ കടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടാക്രമണത്തില്‍ പെഹ്ലു ഖാന്‍ എന്ന വൃദ്ധന്‍ കൊല്ലപ്പെട്ടതും രാജസ്ഥാനില്‍ തന്നെയാണ്. ജയ്പൂരില്‍ നിന്ന് വാങ്ങിയ കാലികളുമായി ഹരിയാനയിലെ തങ്ങളുടെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. അതിക്രൂരമായി ആക്രമിക്കപ്പെട്ട പെഹ്ലു ഖാന്‍ ഗുരുതരപരിക്കുകളോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.