Asianet News MalayalamAsianet News Malayalam

ബലാത്സംഗ ഇരയായ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പൊലീസുകാരന്‍ പിടിയില്‍

കടബയിലെ ഒരു കൂലിപ്പണിക്കാരനായ വ്യക്തിയുടെ വീട്ടില്‍ ശിവരാജ് നായക്ക് ഇടയ്ക്കിടയ്ക്ക് കേസ് ആവശ്യത്തിന് സന്ദര്‍ശിക്കുമായിരുന്നു. ഇയാളുടെ മൂത്തമകള്‍ ഒരു ബലാത്സംഗ കേസില്‍ ഇരയാണ്. 

Police constable taken into custody on charge of raping a minor girl
Author
Mangalore, First Published Sep 30, 2021, 8:08 PM IST

മംഗളൂരു: ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പൊലീസ് (Police) ഓഫീസര്‍ റിമാന്‍റില്‍. ദക്ഷിണ കന്നഡ ജില്ലയിലെ (Dakshina Kannada district ) കടബ പൊലീസ് സ്റ്റേഷനിലെ പൊലീസ് കോണ്‍സ്റ്റബിളായ ശിവരാജ് നായക്കിനെയാണ് സെപ്തംബര്‍ 27ന് മൂന്ന് ദിവസത്തേക്ക് റിമാന്‍റ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജറാക്കിയത്.

കടബയിലെ ഒരു കൂലിപ്പണിക്കാരനായ വ്യക്തിയുടെ വീട്ടില്‍ ശിവരാജ് നായക്ക് ഇടയ്ക്കിടയ്ക്ക് കേസ് ആവശ്യത്തിന് സന്ദര്‍ശിക്കുമായിരുന്നു. ഇയാളുടെ മൂത്തമകള്‍ ഒരു ബലാത്സംഗ കേസില്‍ ഇരയാണ്. ഈ കേസിന്‍റെ കാര്യങ്ങള്‍ക്ക് നടത്തിയ സന്ദര്‍ശനങ്ങള്‍ പിന്നീട് സ്ഥിരമായി. അതിനിടയിലാണ് മകളുടെ പെരുമാറ്റത്തില്‍ പിതാവിന് സംശയം തോന്നിയത്.

തുടര്‍ന്നാണ് വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നല്‍കി പൊലീസ് കോണ്‍സ്റ്റബിള്‍ മകളുമായി ശാരീരിക ബന്ധം പുലര്‍ത്തിയെന്ന് പിതാവ് മനസിലാക്കുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയുമായിരുന്നു. ഇതിനെ തുടര്‍ന്ന് ശിവരാജിനോട് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിന് തയ്യാറായില്ല. പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

സെപ്തംബര്‍ 18ന് തന്‍റെ ഭാര്യയും പീഡനത്തിന് ഇരയായ മകളും വീട്ടില്‍ നിന്നും കാണാതായെന്നും, അവര്‍ക്ക് പണം നല്‍കി പൊലീസ് കോണ്‍സ്റ്റബിള്‍‍ അവരെ മാറ്റിയെന്നും പരാതിയില്‍ ആരോപിക്കുന്നു. തന്‍റെ കുടുംബത്തെ നശിപ്പിക്കുമെന്ന് ഇയാള്‍‍ പറഞ്ഞതായും പരാതിക്കാരന്‍ പറയുന്നു. തുടര്‍ന്ന് പരാതി ലഭിച്ച പൊലീസ് സെക്ഷന്‍ 376 (2) അടക്കം വകുപ്പുകള്‍ ഇട്ട് എഫ്ഐആര്‍ ഇടുകയും ശിവരാജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.

പീഡനത്തിന് ഇരയായി പെണ്‍കുട്ടിയെയും അമ്മയെയും പിന്നീട് പൊലീസ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ വിശദമായ മൊഴി പൊലീസ് എടുക്കാനിരിക്കുകയാണ്. ശിവരാജിനെ സര്‍വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തതായി ദക്ഷിണ കന്നഡ ജില്ല പൊലീസ് മേധാവി അറിയിച്ചു.

Follow Us:
Download App:
  • android
  • ios