വിദഗ്ദമായ ഗൂഡാലോചനയിലൂടെയാണ് രാജേഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. ഒന്നാം പ്രതിയായ സത്താറിൻറ ഭാര്യയുമായി രാജേഷിനുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം.
തിരുവനന്തപുരം: മടവൂരിൽ റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ടിട്ട് ഒരു വർഷം തികയുമ്പോഴും ഒന്നാം പ്രതിയെ പിടിക്കാനാകാതെ പൊലീസ്. ഒന്നാം പ്രതി അബ്ദുള്‍ സത്താർ ഇപ്പോഴും ഖത്തറിലാണ്. കേസിലെ അഞ്ച് പ്രതികൾ ജയിലിലും. വിദഗ്ദമായ ഗൂഡാലോചനയിലൂടെയാണ് രാജേഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. ഒന്നാം പ്രതിയായ സത്താറിൻറ ഭാര്യയുമായി രാജേഷിനുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം.
ഖത്തറിൽ ഒരു എഫ്എം റേഡിയോയില്‍ ജോലി ചെയ്യുമ്പോഴാണ് ബിസിനസ്സുകാരനായ സത്താറിന്‍റെ ഭാര്യയെ രാജേഷ് പരിചയപ്പെട്ടത്. ഇതോടെ രാജേഷിനെ കൊലപ്പെടുത്താൻ അബ്ദുള്‍ സത്താർ തീരുമാനിച്ചു. സ്ഥാപനത്തിലെ ജോലിക്കാരനായ അലിഭായി എന്ന മുഹമ്മദ് സാലിക്കിനാണ് സത്താർ ക്വട്ടേഷൻ നൽകിയത്.
പക്ഷെ മുഖ്യ ആസൂത്രകനും കേസിലെ ഒന്നാം പ്രതിയുമായ സത്താറിനെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞില്ല. റെഡ് കോണർ നോട്ടീസ് പുറത്തിക്കാനായി ഡിജിപി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് നൽകിയ രേഖകള്‍ തിരിച്ചയിച്ചിരുന്നു. രേഖകളിലുണ്ടായിരുന്ന തെറ്റുകള്‍ തിരുത്തി വീണ്ടും അയച്ചുവെന്നാണ് പൊലീസ് പറയുന്നത്. പക്ഷെ മറ്റ് പല കേസുകളിൽ ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ പ്രതികളെ നാട്ടിലെത്തിക്കാൻ കഴിഞ്ഞ പൊലീസിന് സത്താറിനെ അറസ്റ്റ് ചെയ്യാനായിട്ടില്ല.
അലിഭായും സുഹൃത്തായ അപ്പുണ്ണിയും ചേർന്ന് വിദഗ്ധമായ ആസൂത്രണത്തിലൂടെയാണ് കൊല നടത്തിയത്. അലിഭായ് നേപ്പാള്‍ വഴിയാണ് നാട്ടിലേക്കെത്തുന്നത്. നിരവധി കേസുകളിൽ പ്രതികളായ അപ്പുണ്ണിയും അലിഭായിയും സുഹൃത്തുക്കളായിരുന്നു. ഒരു വാട്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് കൊല ആസൂത്രണം തുടങ്ങിയത്.
വാഹനവും ആയുധനങ്ങളും പ്രതികളായ സ്വാതി സന്തോഷും സനുവും ചേർന്നാണ് സംഘടിപ്പിച്ചത്. അലിഭായ്, അപ്പുണ്ണി, തൻസീർ എന്നീ പ്രതികള്‍ ചേർന്നാണ് കിളിമാനൂർ മടവൂരുള്ള സ്റ്റുഡിയോക്കുളളിൽ വച്ച് രാജേഷിനെ വെട്ടികൊല്ലുന്നത്. പ്രതികള്‍ക്ക് ഒളിവിൽ കഴിയുന്നതിനും സാമ്പത്തിക സഹായവും നൽകിയ മൂന്ന് സ്ത്രീകളടക്കം മറ്റ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 12 പേരുള്ള കേസിൽ 11 പേർ അറസ്റ്റിലായി. അഞ്ചു പ്രതികള്‍ ഇപ്പോഴും ജയിലാണ്. വിചാരണ നടപടികള്‍ വൈകാതെ തിരുവനന്തപുരം സെഷൻസ് കോടതിയിൽ തുടങ്ങുമെന്നും പൊലീസ് അറിയിച്ചു.
