കൊച്ചി: എറണാകുളത്ത് യുവാവിന്‍റെ മൃതദേഹം ചതുപ്പിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍  നടപടി വൈകിയെന്നയാരോപണം നിഷേധിച്ച് പൊലീസ്. അർജുനെ കാണാതായെന്ന് പരാതി കിട്ടിയ അന്നുതന്നെ എഫ്ഐആര്‍ എടുത്തു.  അര്‍ജുന്‍റെ സുഹൃത്തുക്കളും ബന്ധുക്കളും പ്രതികളെ പിടികൂടി പൊലീസിനെ ഏൽപിച്ചെന്ന വാദം തെറ്റാണെന്ന് പൊലീസ് വിശദമാക്കി. 

പൊലീസാണ് പ്രതികളെ വിളിച്ചുവരുത്തിയത്. പ്രതികൾ മൊബൈൽ ഫോണുകൾ പലയിടത്തായി ഒളിപ്പിച്ചു. ഇതിനാല്‍  ടവർ ലൊക്കേഷൻ തെറ്റിയെന്നും പൊലീസ്  വ്യക്തമാക്കി. എന്നാല്‍ യുവാവിന്‍റെ കൊലപാതകത്തില്‍ പൊലീസിനെതിരെ ഗുരുതരയാരോപണങ്ങളാണ് അര്‍ജുന്‍റെ പിതാവ് ഉന്നയിച്ചത്. അഞ്ചാം തീയതി മകനെ കാണാതായ സംഭവത്തില്‍ സംശയിക്കുന്ന റോണി, നിബിൻ എന്നിവരെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിട്ടും കൂടുതൽ അന്വേഷണം നടത്താതെ ഇരുവരെയും പറഞ്ഞുവിട്ടുവെന്നും അര്‍ജുന്‍റെ കുടുംബം ആരോപിക്കുന്നു. 

പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും ഒമ്പതാം തീയതി വരെ പൊലീസ് ആരുടെയും മൊഴി എടുത്തിട്ടില്ലെന്നും അര്‍ജുന്‍റെ പിതാവ് വിദ്യൻ ആരോപിച്ചു. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് കുമ്പളം സ്വദേശി അര്‍ജുന്‍റെ മൃതദേഹം നെട്ടൂർ റെയിൽവെ സ്റ്റേഷന് സമീപം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാളടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.