മാവേലി എക്സ്പ്രസിൽ പൊലീസ് മർദ്ദിച്ച് അവശനാക്കി വടകര സ്റ്റേഷനിൽ ഇറക്കി വിട്ട യാത്രക്കാനെ തിരിച്ചറിഞ്ഞെങ്കിലും ആളെവിടെയെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് ആയില്ല.
കോഴിക്കോട്: മാവേലി എക്സ്പ്രസിൽ പൊലീസ് മർദ്ദിച്ച് അവശനാക്കി (Maveli Express Police Attack) വടകര സ്റ്റേഷനിൽ ഇറക്കി വിട്ട യാത്രക്കാനെ തിരിച്ചറിഞ്ഞെങ്കിലും ആളെവിടെയെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് ആയില്ല. പൊന്നൻ ഷമീറിനായി (Ponnan shameer) പൊലീസ് കണ്ണൂർ കോഴിക്കോട് ജില്ലകളിൽ തിരച്ചിൽ തുടരുകയാണ്. കൂത്തുപറമ്പ് നിർമ്മലഗിരി സ്വദേശിയായ ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് കണ്ടെത്തി.
മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട ഷമീർ രണ്ട് അടിപിടി കേസുകളിലും ഉൾപെട്ടിട്ടുണ്ട്. കോഴിക്കോട് ഹോട്ടൽ ജോലിക്കാരനായ ഇയാൾ കുറച്ച് ദിവസങ്ങളായി വീട്ടിൽ വന്നിട്ടില്ലെന്നാണ് ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്. ട്രെയിനിൽ മദ്യപിച്ച് ടിക്കറ്റില്ലാതെ യാത്രചെയ്ത ഷമീറിനെ ബൂട്ടുകൊണ്ട് തൊഴിച്ച എഎസ്ഐ പ്രമോദിനെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. ട്രെയിന് അകത്തുണ്ടായ സുരക്ഷ വീഴ്ച സംബന്ധിച്ച് ആർപിഎഫും റെയിൽവേ പാലക്കാട് ഡിവിഷനും അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസം രാത്രി മാവേലി എക്സ്പ്രസിൽ ടിക്കറ്റില്ലാതെ കയറിയെന്നാരോപിച്ച് യാത്രക്കാരനെ എഎസ്ഐ മർദിച്ച് നിലത്തിട്ട് ബൂട്ടുകൊണ്ട് ചവിട്ടിയ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരൻ കാലുകൾ കാണുന്ന തരത്തിൽ മുണ്ട് മാറ്റി പേഴ്സിൽ നിന്ന് ഒരു പേപ്പറെടുത്ത് തങ്ങൾക്ക് നേരെ കാണിക്കുന്നത് കണ്ട് ഭയപ്പെട്ടെന്നും അപ്പോഴാണ് പൊലീസ് ഇടപെട്ടതെന്നും ഒരു യാത്രക്കാരി അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരൻ സ്ത്രീകൾക്ക് നേരെ മോശമായി പെരുമാറിയപ്പോഴാണ് ഇടപെട്ടതെന്നാണ് ഇക്കാര്യത്തിൽ പൊലീസ് നൽകിയ വിശദീകരണം.
ഞായറാഴ്ച രാത്രി എട്ടുമണിയോടെ മാവേലി എക്സ്പ്രസ് തലശ്ശേരി സ്റ്റേഷൻ പിന്നിട്ടപ്പോൾ കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷൻ എഎസ്ഐ പ്രമോദ് ഒരു സിപിഒയ്ക്ക് ഒപ്പം S2 കമ്പാർട്ട്മെന്‍റിലെത്തുകയായിരുന്നു. ട്രെയിനിനകത്തെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട കേരളാ റെയിൽവേ പൊലീസ് സേനയിലെ അംഗമായ ഈ ഉദ്യോഗസ്ഥൻ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ആളെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ഇയാൾക്ക് സംസാരിക്കാൻ പോലും അവസരം നൽകാതെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി കോച്ചിന്‍റെ മൂലയിലിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. മർദ്ദനത്തിൽ നിലത്ത് വീണുപോയ ആളെ എഎസ്ഐ വീണ്ടും ബൂട്ടുകൊണ്ട് ചവിട്ടി. മുകളിലെ ബർത്തിലിരുന്ന ഒരു യാത്രക്കാരനാണ് ഈ ദൃശ്യങ്ങൾ പകർത്തി ഏഷ്യാനെറ്റ് ന്യൂസിലേക്ക് എത്തിച്ചത്. യാത്രക്കാർ തടഞ്ഞിട്ടും പൊലീസ് മർദ്ദനം തുടർന്നുവെന്നാണ് ദൃക്സാക്ഷിയായ ഒരു യാത്രക്കാരൻ പറഞ്ഞത്. എന്നാൽ ഇറക്കി വിടുക മാത്രമാണ് ചെയ്തതെന്നായിരുന്നു പൊലീസുകാരന്റെ വിശദീകരണം.
യാത്രക്കാരൻ ആരെന്ന് തിരക്കാതെയും പൊലീസ് സ്റ്റേഷനിൽ വിവരം അറിയക്കാതെയുമായിരുന്നു ഈ മർദ്ദനം. പിന്നീട് വടകര റെയിൽവേ സ്റ്റേഷനിലെ പോർച്ചിൽ ഇയാളെ ബലമായി ഇറക്കിവിട്ടശേഷം ഉദ്യോഗസ്ഥർ ട്രെയിനിൽ തിരികെ കയറി. എഎസ്ഐ മർദ്ദിക്കുമ്പോൾ ടിടിഇ കുഞ്ഞുമുഹമ്മദും തൊട്ടടുത്തുണ്ടായിരുന്നു. തങ്ങളുടെ അടുത്തിരുന്ന ഈ യാത്രക്കാരൻ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു എന്നും തങ്ങൾ ഭയപ്പെട്ടിരിക്കുമ്പോഴാണ് പൊലീസ് ഇടപെട്ടതെന്നുമാണ് യാത്രക്കാരിയുടെ മൊഴി.
പ്രദേശത്തെ സിസിടിവികൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് മർദ്ദനത്തിനിരയായത് ഷമീറെന്ന യുവാവാണെന്ന് വ്യക്തമായത്. ഇയാൾക്കായി കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. ഇയാളിപ്പോഴും ഒളിവിലായ സ്ഥിതിക്ക് അന്വേഷണം തുടരുമെന്നും, ഇയാളെ കണ്ടെത്തിയ ശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്തുമെന്നും പൊലീസും വ്യക്തമാക്കുന്നു.