പെരുന്നാള്‍ ദിനത്തില്‍ ലക്കിടിയില്‍ വെച്ച് ബൈക്ക് യാത്രികനായ ഇരുപതുകാരന്റെ മരണത്തിനിടയാക്കി നിര്‍ത്താതെ പോയ പാഴ്‌സല്‍ ലോറി പിടിച്ചെടുത്ത് വൈത്തിരി പൊലീസ്.

കല്‍പ്പറ്റ: പെരുന്നാള്‍ ദിനത്തില്‍ ലക്കിടിയില്‍ വെച്ച് ബൈക്ക് യാത്രികനായ ഇരുപതുകാരന്റെ മരണത്തിനിടയാക്കി നിര്‍ത്താതെ പോയ പാഴ്‌സല്‍ ലോറി പിടിച്ചെടുത്ത് വൈത്തിരി പൊലീസ്. സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് മലപ്പുറം തിരൂരില്‍ നിന്ന് ലോറി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. 

കര്‍ണാടക രജിസ്ട്രേഷനുള്ള പാര്‍സല്‍ ലോറിയുടെ ഡ്രൈവര്‍ മൈസൂരു സ്വദേശി ശശികുമാറിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുത്തങ്ങ മുതല്‍ കോഴിക്കോട് വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. ഇതില്‍ തിരൂര്‍ ഭാഗത്തേക്കാണ് ലോറി പോയിട്ടുള്ളതെന്ന് കല്‍പ്പറ്റ ഡിവൈഎസ്പി എംഡി. സുനിലിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. 

കല്‍പറ്റ ഗൂഡലായിക്കുന്ന് സ്വദേശി തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഹര്‍ഷല്‍ (20) ആണ് ലക്കിടി ഓറിയന്റല്‍ കോളജിന് സമീപം നടന്ന അപകടത്തില്‍ ദാരുണമായി മരിച്ചത്. എതിരെ വന്ന മറ്റൊരു വാഹനത്തില്‍ തട്ടി റോഡില്‍ വീണ ഹര്‍ഷലിന്റെ ശരീരത്തിലൂടെ പാഴ്‌സല്‍ ലോറി കയറിയിറങ്ങുകയായിരുന്നു. ആളുകള്‍ ബഹളം വെച്ചെങ്കിലും പാഴ്‌സല്‍ ലോറി നിര്‍ത്താതെ പോവുകയായിരുന്നു. ഹര്‍ഷലിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയത് അറിഞ്ഞില്ലെന്നാണ് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്. 

വൈത്തിരി സ്റ്റേഷനിലെത്തിച്ച ലോറി ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചു. മണിക്കൂറുകള്‍ നീണ്ട വിശ്രമമില്ലാത്ത പരിശോധനയിലാണ് അപകടത്തില്‍ ഉള്‍പ്പെട്ട വാഹനം വേഗത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. വൈത്തിരി എസ്ഐ സത്യന്‍, സിപിഒമാരായ വിപിന്‍, രാകേഷ് കൃഷ്ണ, ദേവ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

സത്രം സന്ദർശിച്ച് മടങ്ങിയ സ്ത്രീകളെയടക്കം ആക്രമിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവർക്കെതിരെ കേസ്

ഇടുക്കി: വണ്ടിപ്പെരിയാർ സത്രം സന്ദർശിച്ച് മടങ്ങിയ സ്ത്രീകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളെ സാമൂഹിക വിരുദ്ധർ ആക്രമിച്ചതായി പരാതി. മർദ്ദനമേറ്റത്. സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം നാലു പേർക്കെതിരെ വണ്ടിപ്പെരിയാർ പോലീസ് കേസ് എടുത്തു. ഏലപ്പാറയിൽ നിന്നും സത്രം കാണെനെത്തിയ സംഘത്തിനാണ് മർദ്ദനമേറ്റത്. ഇവർ എത്തിയ വാഹനം അടിച്ചു തകർക്കുകയും ചെയ്തു. രാത്രി ഏഴു മണിയോടെ വണ്ടിപ്പെരിയാറിനു സമീപം അരണക്കൽ എന്ന സ്ഥലത്താണ് സംഭവം നടന്നത്. 

ബന്ധുക്കളായ ഒൻപതു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ മൂന്ന് സ്ത്രീകളും രണ്ടു കുട്ടികളുമുണ്ടായിരുന്നു. അരണക്കലിനു സമീപം വച്ച് ഇവരുടെ വാഹനം ഒരു ഓട്ടോറിക്ഷയിലും ബൈക്കിലും തട്ടി. ഇരുവർക്കും നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞ് പിരിയാൻ തുടങ്ങുന്നതിനിടെ സിപിഎം മഞ്ചുമല ബ്രാഞ്ച് സെക്രട്ടറി അയ്യപ്പനും മറ്റൊരാളും വടിയുമായെത്തി ഇവരുടെ വാഹനം തടഞ്ഞു. പുറകെ അയ്യപ്പൻറെ മകനും സുഹൃത്തുമെത്തി. ബൈക്ക് പണിതു നൽകാതെ പോകാൻ കഴിയില്ലെന്നു പറഞ്ഞാണ് തടഞ്ഞത്. തർക്കത്തിനിടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ വാഹനത്തിൽ നിന്നും വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നുവെന്നാണ് സഞ്ചാരികൾ പറയുന്നത്. 

ഏലപ്പാറ സ്വദേശികളായ സിബി, ആൻസി, എഡിൻ ലാഡ്രം സ്വദേശികളായ അമിത്, ആഷ്ന ഇവരുടെ ബന്ധുക്കളായ ജഗാസ്, ഡെന്നി എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റവർ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വലിയ കല്ലെടുത്തെറിഞ്ഞാണ് വാഹനത്തിൻറെ ചില്ല് തകർത്തത്. മർദ്ദനത്തിനിടെ നാലു പവൻ തൂക്കം വരുന്ന സ്വർണമാലയും പതിനയ്യായിരം രൂപയും മോഷ്ടിച്ചതായും ഇവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് അയ്യപ്പൻ ഉൾപ്പെടെ നാലു പേരെ പ്രതിയാക്കിയാണ് വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾ ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.