കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിൽ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കൊലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് കരുതുന്ന ബിനുവിന്‍റെ സംഘത്തിലുള്ളവരെ പോലീസ് ചോദ്യം  ചെയ്യുന്നു. കൊലനടത്തിയ സംഘത്തിലെ അഞ്ച് പേരെ പോലീസ് തിരിച്ചറിഞ്ഞു. ഇന്നലെ രാത്രിയാണ് തുരുത്തിശ്ശേരി സ്വദേശി ബിനോയിയെ ഗുണ്ട സംഘം വെട്ടികൊലപ്പെടുത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെ അത്താണിയിലെ ബാറിൽ നിന്ന് പുറത്തിറങ്ങി നിൽക്കുമ്പോഴാണ് കാറിലെത്തിയ ഗുണ്ടാസംഘം ബിനോയിയെ വെട്ടികൊലപ്പെടുത്തിയത്. സംഭവത്തിന്‍റെ സിസിടി ദൃശ്യങ്ങളും പുറത്ത് വന്നു.  

അത്താണി ബോയ്‍സ് എന്നറിയപ്പെടുന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് കൊല്ലപ്പെട്ട ബിനോയ്‌ എന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്. ബിനോയിയുടെ മുഖത്ത് പ്രതികൾ തുരുതുരാ വെട്ടുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. പ്രതികളെന്ന് പോലീസ് കരുതുന്നവർ കാപ്പ നിയമ പ്രകാരം ജില്ലയിൽ പ്രവേശിക്കാൻ വിലക്ക് ഉള്ളവരാണ്. കൊല്ലപ്പെട്ട ബിനോയിയുടെ മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.