Asianet News MalayalamAsianet News Malayalam

ജോളിയുടെ കോയമ്പത്തൂര്‍ സന്ദര്‍ശനത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു

കട്ടപ്പനയിലെ വീട്ടിലേക്ക് പോകുന്നുവെന്ന് മകനോട് പറഞ്ഞ ജോളി രണ്ട് ദിവസം അവിടെ നിന്ന കോയമ്പത്തൂരിലേക്ക് പോയി. കൂടത്തായി കേസില്‍ പൊലീസ് അന്വേഷണം തുടങ്ങിയശേഷവും ഇവര്‍ കോയമ്പത്തൂരിലെത്തിയതായാണ് വിവരം. 

police investigation about the continuous Coimbatore trips of koodathai murder accuse jolly
Author
Coimbatore International Airport, First Published Oct 11, 2019, 8:55 AM IST

വടകര: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുടെ കോയമ്പത്തൂര്‍ യാത്രകളുടെ വിശദാംശങ്ങള്‍ തേടി പൊലീസ്. ജോളിയുടെ കഴിഞ്ഞ ആറ് മാസത്തെ  മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ച കാര്യം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. സെപ്തംബര്‍ രണ്ടാമത്തെ ആഴ്ചയിലെ ഓണം അവധി ദിവസങ്ങളിലും രണ്ട് ദിവസം ജോളി കോയമ്പത്തൂരിലുണ്ടായിരുന്നു എന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം. കൂടത്തായി കേസിനെപ്പറ്റി പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയ സമയത്തും ജോളി കോയമ്പത്തൂരിലെത്തിയെന്നും സൂചനയുണ്ട്. 

ഓണക്കാലത്ത് അമ്മ വീട്ടില്‍ ഇല്ലായിരുന്നുവെന്നും കട്ടപ്പനയിലെ സ്വന്തം ബന്ധുക്കളുടെ അടുത്തേക്ക് പോകുകയാണെന്നാണ് പറഞ്ഞതെന്നുമായിരുന്നു നേരത്തെ ജോളിയുടെ മകന്‍ റോജോ പൊലീസിന് നല്‍കിയിരുന്ന മൊഴി. എന്നാല്‍ കട്ടപ്പനയില്‍ രണ്ട് ദിവസം മാത്രമേ ജോളിയുണ്ടായിരുന്നുള്ളൂവെന്നും അതിനു ശേഷം കോയമ്പത്തൂരിലേക്ക് പോയെന്നുമാണ് മൊബൈല്‍ ടവര്‍ ലോക്കേഷനില്‍ നിന്നും വ്യക്തമാവുന്നത്. 

വീട്ടുകാരെ പോലും അറിയിക്കാതെ എന്തിനായാണ് ജോളി കോയമ്പത്തൂരിലേക്ക് പോയതെന്നാണ് പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. അതിനിടെ  കൂടത്തായി കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ട സിലിയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റർ ചെയ്തു. ജോളിയെ ഒന്നാം പ്രതിയാക്കിയാണ്  താമരശേരി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  ഈ കേസില്‍ രണ്ടു പ്രതികളുണ്ടെന്നാണ് സൂചന. നിലവില്‍ റോയിയുടെ കൊലപാതകത്തില്‍ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ എല്ലാ കൊലപാതകങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. 

കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളുടെ വിവരങ്ങൾ കൈമാറാൻ അന്വേഷണ സംഘത്തോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുറേ കൂടി വിവരങ്ങൾ ശേഖരിക്കാനുണ്ടെന്ന് പൊലീസ് കലക്ടറെ അറിയിച്ചു. പൊലീസ് രേഖകള്‍ കൈമാറുന്ന മുറയ്ക്ക് കലക്ടർ റവനൂ മന്ത്രിക്ക് റിപ്പോർട്ട് നൽകും.ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട ജോളിയെ നിലവില്‍ വടകര പൊലീസ് സ്റ്റേഷനിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. നിരവധിയാളുകളാണ് ജോളിയെ കാണാനായി സ്റ്റേഷനില്‍ മുന്നില്‍ അതിരാവിലെ മുതല്‍ തടിച്ചു കൂടിയിരുന്നത്. 

Follow Us:
Download App:
  • android
  • ios