തിരുവനന്തപുരം: കിളിമാനൂരിൽ ബഡ്സ് സ്കൂൾ വളപ്പിൽ നിന്നും ഒന്നരലക്ഷം രൂപയുടെ ഈട്ടിത്തടി മോഷ്ടിച്ച കേസിൽ പ്രതിയായ സിപിഎം പ‍ഞ്ചായത്ത് അംഗത്തിനായി തെരച്ചിൽ തുടരുന്നു. പഴയകുന്നുമ്മേല്‍ പഞ്ചായത്ത് അംഗമായ കെ ഷിബുവാണ് തടി മുറിച്ച് കടത്തിയത്.

ഈ മാസം അഞ്ചിനായിരുന്നു സംഭവം. ബഡ്സ് സ്കൂളിൽ ഫർണ്ണിച്ചർ നിർമ്മിക്കാനെന്ന് പറ‍ഞ്ഞായിരുന്നു സർക്കാർ ഭൂമിയിലെ ഈട്ടിത്തടി ഷിബുവിന്റെ നേതൃത്വത്തിൽ കടത്തിക്കൊണ്ടുപോയത്. തുടർന്ന് നിലമേലുളള മില്ലിൽ എത്തിച്ച് ഉരുപ്പടികളാക്കി സുഹൃത്തായ തുളസീധരൻ എന്നയാളുടെ വീട്ടിൽ സൂക്ഷിച്ചു. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൻ മേൽ കിളിമാനൂർ പൊലീസ് ഈമാസം 11നാണ് കേസെടുത്തത്. 

മരം മുറിച്ചു കടത്തുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഈ ദൃശ്യങ്ങൾ നാട്ടുകാർ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷമായ യുഡിഎഫ് പഞ്ചായത്തിന് മുന്നിൽ ധർണ്ണയും നടത്തി. ആദ്യഘട്ടത്തിൽ കാര്യമായ നടപടി എടുക്കാതിരുന്ന പൊലീസ് സമ്മർദ്ദം ശക്തമായതിനെ തുടർന്നാണ് നടപടി കടുപ്പിച്ചത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് പഞ്ചായത്ത് അംഗത്തിന്റെ പങ്ക് വെളിച്ചത്തു വന്നത്. 
കേസെടുത്തതോടെ ഇയാൾ ഒളിവിലാണ്. പഞ്ചായത്തംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം. ഒന്നര ലക്ഷത്തിനടുത്ത് വില വരുന്ന തടിയാണ് മുറിച്ചുകടത്തിയത്