വളവിൽ പരിശോധന പാടില്ലെന്ന ഡിജിപിയുടെ സ‍‌‌ർക്കുലർ ഉണ്ടല്ലോയെന്നും ഇത് അപകടകരമല്ലേ എന്നും ചോദിച്ചതാണ് പൊലീസ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചത്

ആലപ്പുഴ: ചേർത്തലയിൽ ചട്ടവിരുദ്ധമായി വാഹന പരിശോധന നടത്തിയ പൊലീസ് നടപടി ചോദ്യം ചെയ്ത പിഎസ്‍സി ഉദ്യോഗസ്ഥന്‍റെ പല്ല് പൊലീസ് അടിച്ചു കൊഴിച്ചു. കഴി‌ഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ തിരിച്ചു പോകവേയാണ് പിഎസ്‍സി ഉദ്യോഗസ്ഥനായ രമേശ് കമ്മത്തിന് ദുരനുഭവമുണ്ടായത്.

റോഡിന്‍റെ വളവിൽ പൊലീസ് ചെക്കിംഗ് ഉണ്ടായിരുന്നു. ഇത്തരത്തിൽ വളവിൽ പരിശോധന പാടില്ലെന്ന ഡിജിപിയുടെ സ‍‌‌ർക്കുലർ ഉണ്ടല്ലോയെന്നും ഇത് അപകടകരമല്ലേ എന്നും ചോദിച്ചതാണ് പൊലീസ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചത്. രമേശൻ മദ്യപിച്ചിട്ടുണ്ടോ എന്ന് പൊലീസുകാർ ചോദിക്കുകയും ഇല്ലെന്ന് മറുപടി നൽകിയിട്ട് കൂടി രമേശനെ ബലമായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. പിഎസ്‍സി ഉദ്യോഗസ്ഥനായ രമേശൻ അടുത്ത ദിവസം ഓഫീസിൽ തിരിച്ചെത്തിയ ശേഷമാണ് ഡിജിപിക്ക് പരാതി നൽകിയത്. 

വീഡിയോ കാണാം. 

"

സംഭവത്തിൽ ഒരു സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തിരുന്നുവെന്നും. അന്വേഷണം നടക്കുന്നുണ്ടെന്നും ആലപ്പുഴ എസ്‍പി പ്രതികരിച്ചു. രമേശന്‍റെ പല്ല് പോയിട്ടില്ലെന്നും എസ‍്പി അവകാശപ്പെട്ടു. ഇയാളുടേത് വെപ്പ് പല്ലായിരുന്നുവെന്ന് അവകാശപ്പെട്ട എസ്പി വൈദ്യപരിശോധനയുടെ തെളിവുകൾ പൊലീസിന്‍റെ കയ്യിലുണ്ടെന്ന് അവകാശപ്പെട്ടു. പൊലീസിനോട് രമേശൻ വളരെ മോശമായാണ് പെരുമാറിയതെന്നും എസ്‍പി പറയുന്നു. 

തന്‍റെ കൈ പിന്നിൽ കെട്ടിവച്ച് മർദ്ദിച്ചുവെന്നും പൊലീസ് സ്റ്റേഷനിലെത്തിയ ശേഷവും മർദ്ദിച്ചുവെന്നും രമേശൻ ആരോപിക്കുന്നു.