പത്തനംതിട്ട: ഉത്രാ വധക്കേസിൽ പ്രതി സൂരജിന്റെ അമ്മയെയും സഹോദരിയെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. ഇരുവരോടും നാളെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സൂരജിന്റെ അച്ഛനെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.

ഫോറൻസിക് പരിശോധനക്കായി സൂരജിന്റെ കിടപ്പുമുറി സീൽചെയ്തു. കിടക്കവിരി ഉൾപ്പടെ സൂരജിന്റെ കുടുംബം നശിപ്പിച്ചതായാണ് സൂചന. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്ലിന് ശേഷമായിരുന്നു സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. അച്ഛന് കാര്യങ്ങളെല്ലാം അറിയാമെന്ന് സൂരജ് മൊഴി നൽകിയിരുന്നു. 

മരിച്ച ഉത്രയുടെ സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ ഇന്ന് കണ്ടെത്തിയിരുന്നു. സൂരജിന്റെ അച്ഛൻ സുരേന്ദ്രനാണ് സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കാണിച്ച് കൊടുത്തത്. കൊലപാതകത്തിന് മുൻപ് ലോക്കറിൽ നിന്നെടുത്ത സ്വർണമാണ് ഇന്ന് കണ്ടെടുത്തതെന്നാണ് സൂചന. 

ഉത്രവധകേസിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഭർത്താവ് സൂരജിന്‍റെ അടൂരിലെ വീട്ടിൽ എത്തി തെളിവെടുപ്പ്  നടത്തിയിരുന്നു.  കേസിൽ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ഫോറൻസിക്, റവന്യു  സംഘങ്ങളും  ക്രൈംബ്രാഞ്ചിനൊപ്പം ഉണ്ട്.