പേരാമ്പ്ര കടിയങ്ങാട് പാലത്തിനടുത്ത് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയാണ് പീഡനശ്രമം നടന്നത്. മഹാരാഷ്ട്രയിൽ നിന്നെത്തിയ ഇവർ വർഷങ്ങളായി കടമുറി വാടകയ്ക്കെടുത്ത് കുടുംബമായി താമസിക്കുകയാണ്

കോഴിക്കോട്: കോഴിക്കോട് പേരാന്പ്രയിൽ ഇതര സംസ്ഥാന തൊഴിലാളികളായ സ്ത്രീകൾക്ക് നേരെ പീഡനശ്രമം നടന്നിട്ടും കേസെടുക്കാതെ പൊലീസ്. അർദ്ധരാത്രി അതിക്രമിച്ച് കടന്ന് രണ്ടുപേർ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവതികളുടെ പരാതി. പേരാമ്പ്ര കടിയങ്ങാട് പാലത്തിനടുത്ത് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയാണ് പീഡനശ്രമം നടന്നത്.

മഹാരാഷ്ട്രയിൽ നിന്നെത്തിയ ഇവർ വർഷങ്ങളായി കടമുറി വാടകയ്ക്കെടുത്ത് കുടുംബമായി താമസിക്കുകയാണ്. അർധരാത്രി രണ്ടരയോടെ രണ്ടുപേർ കത്തിയുമായി കട മുറിയിലെത്തി. മുടിയിൽ പിടിച്ച് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിച്ചു എന്നും യുവതികൾ പറഞ്ഞു. അരമണിക്കൂറോളം ഇവർ യുവതികളെ ഉപദ്രവിച്ചു.

കടുത്ത ചൂട് ആയതിനാൽ ഷട്ടർ പകുതി തുറന്നിട്ടായിരുന്നു ഇവർ കിടന്നിരുന്നത്. ഷട്ടറല്ലാതെ വാതിലുള്ള മുറികൾ ആദ്യം പുറത്തുനിന്നും പൂട്ടിയിട്ടാണ് ഇവർ യുവതികളെ ഉപദ്രവിച്ചത്. സ്ത്രീകൾ അലറിവിളിച്ചതോടെ അക്രമികൾ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. നിലവിളിച്ചിട്ടും പരിസരവാസികളൊന്നും സഹായത്തിനെത്തിയില്ലെന്ന് യുവതികള്‍ പൊലീസിനോട് പറഞ്ഞു.

പേരാമ്പ്ര പൊലീസെത്തി യുവതികളോട് സംസാരിച്ച ശേഷം മടങ്ങി. കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ഇനി ഇതുപോലെ രാത്രി ആരെങ്കിലും വന്ന് ഉപദ്രവിച്ചാൽ ഫോൺ ചെയ്ത് പറയൂ ഞങ്ങൾ വരാം എന്നുപറഞ്ഞ് പൊലീസ് തിരികെപോയി എന്നാണ് യുവതികള്‍ പറയുന്നത്. രേഖാമൂലം പരാതി കിട്ടാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് പൊലീസിന്റെ വാദം. പീ‍‍ഡന ശ്രമം നടന്നു എന്ന വിവരം ലഭിച്ചാൽ സ്വമേഥയാ കേകേസെടുക്കണമെന്നിരിക്കെ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായി എന്ന് ആക്ഷേപം ഉയരുന്നുണ്ട്.