ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ ഭീഷണിപ്പെടുത്തിയായിരുന്നു വട്ടിപ്പലിശയും ഏതാനും മണിക്കൂർ നേരത്തേക്ക് കൊടുക്കുന്ന പണത്തിന്‍റെ മീറ്റർ പലിശയും വാങ്ങിയിരുന്നത്.

ആലപ്പുഴ: ആലപ്പുഴയിൽ ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ വട്ടിപ്പലിശ, മീറ്റർ പലിശ ഇടപാടുകൾ നടത്തുന്നവരുടെ വീടുകളിൽ വ്യാപക റെയ്ഡ്. ഒരാളെ അറസ്റ്റ് ചെയ്തു. എയർ ഗൺ ഉൾപ്പെടെ പൊലീസ് പിടികൂടി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരമായിരുന്നു റെയ്ഡ്. 

കായംകുളം, കരീലകുളങ്ങര, ഓച്ചിറ എന്നിവിടങ്ങളിലെ ബ്ലേഡ് പലിശക്കാരുടെ വീടുകളിലായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ ഭീഷണിപ്പെടുത്തിയായിരുന്നു വട്ടിപ്പലിശയും ഏതാനും മണിക്കൂർ നേരത്തേക്ക് കൊടുക്കുന്ന പണത്തിന്‍റെ മീറ്റർ പലിശയും വാങ്ങിയിരുന്നത്. കായംകുളം സ്വദേശി അൻഷാദ്, എരുവ സ്വദേശികളായ അനൂപ്, റിയാസ് എന്നിവരുടെ വീടുകളിൽ നിന്ന് ബ്ലാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും പാസ്പോർട്ടുകളും ആർ സി ബുക്കുകളും പിടിച്ചെടുത്തു. അനൂപിന്റെ വീട്ടിൽ നിന്നാണ് എയർ ഗൺ കിട്ടിയത്. ഇയാളെ അറസ്റ്റ് ചെയ്തു. 

എരുവ സ്വദേശി സനീസിന്റെ വീട്ടിൽ നിന്ന് ചെക്കുകൾക്കും, മുദ്രപത്രങ്ങൾക്കും ഒപ്പം നിരോധിച്ച 1000 , 500 രൂപ നോട്ടുകളും പിടിച്ചെടുത്തു. കായംകുളം മാർക്കറ്റിലും പരിസരത്തും പലിശക്കാർ ക്വട്ടേഷൻ ഗുണ്ടകളുടെ സഹായത്തോടെ കടകളിൽ കയറി ഭീഷണിപ്പെടുത്തി വൻതോതിൽ പലിശ പിരിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്നായിരുന്നു റെയ്ഡ്. കേസിലുൾപ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് നടപടി സ്വീകരിക്കുമെന്നും കാപ്പ ഉൾപ്പെടെ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.