ഇന്നലെ രാത്രി ഒൻപത് മണിയോടെ സൃഹൃത്തിനെ കുത്തിയ ശേഷം രക്ഷപ്പെട്ട മുളവുകാട് സ്വദേശി സുരേഷിനായി അന്വേഷണം തുടരുകയാണ്.
കൊച്ചി : കൊച്ചിയിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സുഹൃത്തിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. ഇന്നലെ രാത്രി ഒൻപത് മണിയോടെ സൃഹൃത്തിനെ കുത്തിയ ശേഷം രക്ഷപ്പെട്ട മുളവുകാട് സ്വദേശി സുരേഷിനായി അന്വേഷണം തുടരുകയാണ്.
കൊല്ലപ്പെട്ട കൊല്ലം സ്വദേശി എഡിസണിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. എഡിസണിനെ കഴുത്തിൽ കുത്തിയ ശേഷമാണ് സുരേഷിനായി രക്ഷപ്പെട്ടത്. സുരേഷിന്‍റെ മുറിയിൽ നിന്നും ആധാർ കാർഡ് പൊലീസ് കണ്ടെത്തിയിരുന്നു. മുളവുകാട് സ്വദേശിയായ യുവതി ആക്രമിച്ച കേസിലും പ്രതിയാണ് സുരേഷ്.
ഇന്നലെ രാത്രി ഒൻപത് മണിയോടെ എറണാകുളം നോർത്തിൽ ഇ എം എസ് സ്മാരക ടൗൺ ഹാളിന് സമീപത്തെ ഭക്ഷണശാലയിലാണ് കൊലപാതകം നടന്നത്. ഹോട്ടലിലുണ്ടായിരുന്ന മൂന്ന് പേർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മദ്യലഹരിയിലായിരുന്നു കൊലപാതകമെന്നാണ് വിവരം.
സമാനമായ സംഭവമാണ് തിരുവനന്തപുരത്തും ഉണ്ടായത്.തിരുവനന്തപുരം കഴക്കൂട്ടത്ത് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു (42) ആണ് അനുജന്റെ കുത്തേറ്റു മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെ പുല്ലാട്ടുകരി ലക്ഷം വീട്ടിലാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന രാജ വാക്കുതർക്കത്തിനിടെ ജേഷ്ഠനായ രാജുവിനെ കത്തികൊണ്ട് നെഞ്ചിൽ കുത്തുകയായിരുന്നു. നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ രാജു വീടിന് മുന്നിൽ കുഴഞ്ഞു വീണു. ശബ്ദം കേട്ട നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ചെത്തിയ പൊലീസ്, രാജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സഹോദരൻ രാജയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്ത് സിഐടിയു ചുമട്ട് തൊഴിലാളിയാണ് കൊല്ലപ്പെട്ട രാജു. ഓട്ടോ ഡ്രൈവറാണ് പ്രതി രാജ. ഇരുവരും മദ്യപിച്ച് വഴക്കടിക്കുന്നത് പതിവാണെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.
