മലപ്പുറം: കിടപ്പുമുറിയിലെ ചാരായ വാറ്റ് പൊലീസ് പിടികൂടി. മലപ്പുറം വാഴക്കാട് സ്വദേശി സുബ്രമണ്യന്റെ വീടിനകത്ത് നിന്നാണ് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും വാഴക്കാട് പോലീസും ചേർന്ന് 170 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്. പ്രതി ഓടി രക്ഷപ്പെട്ടു.വാഴക്കാട് ചെറുവായൂർ സ്വദേശി സുബ്രമണ്യന്റെ വീട്ടിൽ ചാരായം വാറ്റ് ഉണ്ടന്ന് ജില്ലാ പോലീസ് സുപ്രണ്ടിനും ആന്റി നാർക്കോട്ടിക് ഡിവൈഎസ്പിക്കും രഹസ്യ വിവരം കിട്ടിയിരുന്നു. 

തുടർന്ന് വീട്ടിലും സമീപത്തും നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല. പിന്നീട് വിശദമായി പരിശോധിച്ചപ്പോൾ വാറ്റുപകരണം കിട്ടി. തുടർന്ന് കട്ടിലിനടിയിൽ പുതുതായി ചാണകം മെഴുകിയത് ശ്രദ്ധയിൽപെട്ടത് പരിശോധിച്ചപ്പോഴാണ് കുഴിച്ചിട്ട നിലയിൽ വാഷ് കണ്ടെത്തിയത്. 70 ലിറ്റർ വാഷ് വീട്ട് മുറ്റത്ത് പശുക്കൾക്ക് പുല്ലിടുന്ന സ്ഥലത്ത് കുഴിച്ചിട്ട നിലയിലും പിടികൂടി. ഓടി രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി.