ബെംഗളൂരു 12 കിലോമീറ്റര്‍ ഓടി കൊലക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടാന്‍ സഹായിച്ച പൊലീസ് നായ താരമായി. ജൂലായ് 10നാണ് കര്‍ണാടകയിസെ ദേവനഗരെ ജില്ലയില്‍ സംഭവം നടന്നത്. വെടിയേറ്റ് മരിച്ച നിലയില്‍ ചന്ദ്രനായക് എന്നയാളെ കണ്ടെത്തി. കൊലക്കേസില്‍ ചേതന്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

കൊലപാതകം നടന്ന് ഒരാഴ്ചക്ക് ശേഷമാണ്  പൊലീസിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതിയായ ചേതനെ പിടികൂടാന്‍ പൊലീസ് ഡോഗ് സ്‌ക്വാഡിലെ തുംഗ എന്ന 10 വയസ്സുകാരി ഡോബര്‍മാന്റെ സഹായം തേടുകയായിരുന്നു. 50ഓളം കൊലപാതക കേസിലും 60ഓളം മോഷണക്കേസിലും പ്രതികളെ പിടികൂടാന്‍ സഹായിച്ച തുംഗ ഡിപ്പാര്‍ട്ട്‌മെന്റില്‍ നേരത്തെ പ്രശസ്തയാണ്. 

പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്ന് 12 കിലോമീറ്റര്‍ ഓടിയ തുംഗ കാശിപൂരിലെ പ്രതിയുടെ വീടിന്റെ മുന്നിലെത്തിയാണ് ഓട്ടം അവസാനിപ്പിച്ചത്. തുടര്‍ന്ന് പൊലീസ് വീട്ടിലുള്ളവരെ ചോദ്യം ചെയ്തു. ഇതില്‍ സംശയകരമായി പെരുമാറിയ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരങ്ങള്‍ പുറത്തായത്. ഒരുലക്ഷം രൂപ കടം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി സമ്മതിച്ചു. ഇയാള്‍ക്കെതിരെ നേരത്തെയും നിരവധി ക്രിമിനല്‍ കേസുകളുണ്ട്. ഹെഡ് കോണ്‍സ്റ്റബിള്‍ പ്രകാശാണ് തുംഗയെ നിയന്ത്രിച്ചത്. 

പൊലീസ് സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ച റിവോള്‍വര്‍ ഉപയോഗിച്ചായിരുന്നു വെടിവെച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.