കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസില്‍ ജോളിയടക്കമുള്ള മൂന്നു പ്രതികളെയും പൊലീസ് ചോദ്യം ചെയ്തുതുടങ്ങി. വടകര റൂറല്‍ എസ്‍പി ഓഫീസില്‍ വച്ചാണ് ഇവരെ ചോദ്യം ചെയ്യുന്നത്. 

പ്രതികളായ ജോളി, മാത്യു, പ്രജികുമാര്‍ എന്നിവരെ ഒറ്റയ്ക്കൊറ്റയ്ക്ക് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ചോദ്യങ്ങള്‍ നേരത്തെ തന്നെ പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് ചോദ്യം ചെയ്യലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

Read Also: കൂടത്തായി: ജോളി സീരിയൽ കില്ലറല്ല; കാരണം വിശദീകരിച്ച് ജെയിംസ് വടക്കുംചേരി

തനിക്ക് ആറു കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന് ജോളി കഴിഞ്ഞദിവസം മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ തേടാനാണ് ജോളിയെ വീണ്ടും ചോദ്യം ചെയ്യുന്നത്. മൂന്നു കുട്ടികളടക്കം പലരെയും കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയും ജോളിക്കെതിരെയുണ്ട്. ഈ കാര്യങ്ങളും പൊലീസ് ചോദിച്ചറിയും. 

Read Also: ആദ്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് ജോളിക്ക് നാല് കാരണങ്ങള്‍; കസ്റ്റഡി അപേക്ഷയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്തു എന്നതാണ് മാത്യുവിനെതിരായ കേസ്. എത്രതവണ സയനൈഡ് എത്തിച്ചിട്ടുണ്ട്, കൊലപാതകവിവരം അറിയാമായിരുന്നോ തുടങ്ങിയ കാര്യങ്ങളിലാവും മാത്യുവിനോട് വിശദാംശങ്ങള്‍ തേടുക. മാത്യുവിന് സയനൈഡ് നല്‍കിയത് പ്രജികുമാര്‍ ആണ്. സ്വര്‍ണപ്പണിക്കാരനായ പ്രജികുമാറിന് ഈ കൊലപാതകങ്ങളില്‍ എത്രത്തോളം പങ്കുണ്ട്, എത്രതവണ സയനൈഡ് നല്‍കി എന്നീ വിവരങ്ങളും പൊലീസ് ചോദിച്ചറിയും. ഈ കാര്യങ്ങളിലെല്ലാം വ്യക്തത വന്നശേഷമാകും തുടര്‍നടപടികള്‍ എങ്ങനെയൊക്കെയാവണമെന്ന് അന്വേഷണസംഘം തീരുമാനിക്കുക.

ചോദ്യം ചെയ്യലിന്‍റെ ഒന്നാംഘട്ടം അഞ്ചുമണിയോടെ പൂര്‍ത്തിയാക്കുമെന്നാണ് വിവരം. അതിനുശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേരും. ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. പ്രതികളെ തെളിവെടുപ്പിന് ഇന്ന് തന്നെ കൊണ്ടുപോകണോ എന്ന കാര്യത്തിലും യോഗം തീരുമാനമെടുക്കും. ഈ മാസം 16 വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. 

Read Also: കൂക്കുവിളിയുമായി ജനം: ജോളിയടക്കമുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു