ആലപ്പുഴ: പ്രവാസിയുടെ വീട്ടിൽ പരിശോധന നടത്തി പൊലീസ് സംഘം മദ്യം കടത്തിയതായി പരാതി. ആലപ്പുഴ സൗത്ത് എസ്ഐയും സംഘവും മൂന്ന് പെട്ടികളിലാക്കി മദ്യം കൊണ്ടുപോയെന്ന് വീട്ടുകാർ പറയുന്നു. എന്നാൽ പരിശോധനയിൽ മദ്യം കണ്ടെത്തിയില്ലെന്നും പരാതി കളവാണെന്നും പൊലീസ് വിശദീകരിക്കുന്നു.

ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ എസ്ഐ രതീഷ് ഗോപിക്കും സംഘത്തിനുമെതിരെയാണ് പ്രവാസിയുടെ പരാതി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നഗരത്തിലെ പ്രവാസിയുടെ വീട്ടിൽ പൊലീസ് പരിശോധനയ്ക്ക് എത്തി. വീടിന്‍റെ രണ്ടാംനിലയിൽ, ബാറിന് സമാനമായി ഒരുക്കിയിരുന്ന സ്ഥലത്ത് നാൽപത് കുപ്പികളിൽ വിദേശമദ്യം സൂക്ഷിച്ചിരുന്നു. ചില്ല് അലമാര അടിച്ചുതകർത്ത് മദ്യം പൊലീസ് കൊണ്ടുപോയെന്ന് വീട്ടുകാർ പറയുന്നു.

പരിശോധനയ്ക്ക് പോയെന്ന് പൊലീസും സമ്മതിക്കുന്നുണ്ട്. എന്നാൽ സ്റ്റേഷനിൽ മദ്യം എത്തിയിട്ടില്ല. ഒന്നും കിട്ടിയില്ലെന്നാണ് വിശദീകരണം. അളവിൽ കൂടുതൽ മദ്യം വീട്ടിൽ ഉണ്ടായിരുന്നതിനാൽ പ്രവാസിയുടെ ബന്ധുക്കളോ മറ്റുള്ളവർ ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല. അതേസമയം, സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം തുടങ്ങി.