Asianet News MalayalamAsianet News Malayalam

കൂടത്തായി കൂട്ടക്കൊല: ഇന്നോ നാളെയോ നിര്‍ണായക അറസ്റ്റുകള്‍ക്ക് സാധ്യത ?

ആറ് പേരുടെ കൊലപാതകവും വ്യാജവില്‍പത്രം തയ്യാറാക്കിയതും ഇങ്ങനെ എല്ലാ കേസുകളും പ്രത്യേകം ടീമുകളായി തിരിഞ്ഞാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതില്‍ സിലിയുടേയും മകളുടേയും കൊലപാതകവുമായി ബന്ധപ്പെട്ട് ചില നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ഫോറന്‍സിക് പരിശോധനാ ഫലത്തിന് കാത്തു നില്‍ക്കാതെ അറസ്റ്റിലേക്ക് കടക്കാന്‍ പൊലീസൊരുങ്ങുന്നത്. 

police to arrest another key person in relation with koodathayi murder series
Author
Koodathai, First Published Oct 7, 2019, 7:30 AM IST

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്ക് പൊലീസ് ഒരുങ്ങുന്നതായി സൂചന. നിലവില്‍ കൊലപാതക പരമ്പരയില്‍ മൂന്നാമതായി കൊലപ്പെട്ട റോയിയെ വിഷം കൊടുത്തു കൊന്ന കേസിലാണ് ജോളി, സുഹൃത്ത് മാത്യു, സ്വര്‍ണപണിക്കാരന്‍ പ്രജു കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. 

എന്നാല്‍ വ്യാജവില്‍പത്രം തയ്യാറാക്കിയതുമായി ബന്ധപ്പെട്ടും കൂടാതെ സിലിയുടേയും മകള്‍ ആല്‍ഫിനേയും കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടും പൊലീസ് സജീവമായി അന്വേഷണം നടത്തുകയാണ്. ഈ കേസുകളില്‍ പല തെളിവുകളും ഇതിനോടകം പൊലീസിന് ലഭിച്ചതായാണ് സൂചന. സിലിയുടേയും മകളുടേയും കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ചില അറസ്റ്റുകള്‍ ഇന്നോ നാളെയോ ഉണ്ടാവാന്‍ സാധ്യതയുണ്ട്. 

സിലിയുടേയും മകളുടേയും മരണവുമായി ബന്ധപ്പെട്ട സത്യാവസ്ഥ ഷാജുവിന് നേരത്തെ അറിയാമായിരുന്നോ എന്ന സംശയം പൊലീസ് പ്രകടിപ്പിക്കുന്നുണ്ട്. ഇയാളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിക്കുമെന്നാണ് വിവരം. കഴിഞ്ഞ ആറ് ദിവസമായി ഷാജുവിന്‍റെ വീട് കര്‍ശന പൊലീസ് നിരീക്ഷണത്തിലാണ്. ജോളിയെ അറസ്റ്റ് ചെയ്തിട്ടും പൊലീസ് സംഘം ഇവിടെ നിന്നും പിന്മാറിയിട്ടില്ല. പ്രദേശത്ത് പൊലീസിന്‍റെ സജീവസാന്നിധ്യമുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്. 

ആറ് കൊലപാതകങ്ങളും വ്യാജവില്‍പത്രം  തയ്യാറാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചതും ഇങ്ങനെ കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വെവേറെ യൂണിറ്റുകളായി തിരിഞ്ഞാണ് പൊലീസ് സംഘം അന്വേഷിക്കുന്നത്. ആറ് കൊലപാതകങ്ങളിലും ജോളിക്ക് പങ്കുണ്ടെങ്കിലും റോയിയുടെ കൊലയില്‍ മാത്രം നിയമനടപടികള്‍ തുടങ്ങിയ പൊലീസ് മറ്റുള്ള കേസുകളുടെ ചുരുളഴിക്കാനുള്ള നടപടികളിലേക്കാണ് ഇനി കടക്കുന്നത്. റോയ് തോമസിന്‍റെ മാതൃസഹോദരന്‍ എംഎം മാത്യുവിന്‍റെ മരണം എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്താന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. 

നിലവില്‍ പതിനൊന്നോളം പേര്‍ കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണത്തിലുണ്ട് ഇവരില്‍ ആരിലേക്കാണ് തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് എന്നതാണ് ഇനിയറിയേണ്ടത്. അഞ്ച് പേരെ കൊല്ലാനുള്ള സയനൈഡ‍് ജോളിക്ക് എത്തിച്ചു കൊടുത്തത് ആരാണ്, വ്യാജവില്‍പത്രം തയ്യാറാക്കാന്‍ ആരുടെയൊക്കെ സഹായം ജോളിക്ക് കിട്ടി എന്നീ കാര്യങ്ങളെല്ലാം പൊലീസ് പരിശോധിച്ചു വരികയാണ്. ഇതേക്കുറിച്ചെല്ലാം ചില നിര്‍ണായക വിവരങ്ങള്‍ പൊലീസിന്‍റെ കൈയിലുണ്ട്. ഇതോടെ ശവക്കല്ലറ തുറന്ന് നടത്തിയ ഫോറന്‍സിക് പരിശോധനയുടെ  ഫലം വന്ന ശേഷം കൂടുതല്‍ അറസ്റ്റുകള്‍ മതി എന്ന നിലപാടില്‍ നിന്നും പൊലീസ് അതിനാല്‍ തന്നെ മാറിയിട്ടുണ്ട്. 

ഇനി അറസ്റ്റിലാവാനുള്ളവര്‍ ജോളിയെ സഹായിച്ചവത് വ്യാജവില്‍പത്രം തയ്യാറാക്കാന്‍ മാത്രമാണോ അതോ കൊലപാതകത്തെക്കുറിച്ചും ഇവര്‍ക്ക് അറിവുണ്ടായിരുന്നോ എന്നതാണ് ഉറ്റുനോക്കപ്പെടുന്ന കാര്യം. പൊന്മറ്റം തറവാട്ടിലുള്ള ആരുടെയെങ്കിലും ഇടപെടല്‍ ഇതിലുണ്ടായിട്ടുണ്ടോ എന്നതും വ്യക്തമാക്കേണ്ടതുണ്ട്. ജോളിയെ സഹായിച്ചവര്‍ക്ക് എന്ത് നേട്ടമുണ്ടായി എന്നതിനും പൊലീസ് ഉത്തരം കണ്ടെത്തേണ്ടി വരും. 

Follow Us:
Download App:
  • android
  • ios