കണ്ണൂര്‍: കണ്ണൂർ തളിപ്പറിമ്പിൽ മോഷ്ടാവിന്‍റെ സഹോദരിയുടെ എടിഎം കൈക്കലാക്കി പൊലീസുകാരൻ പണം കവർന്നു. തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയർ സിപിഒ  ഇ എൻ ശ്രീകാന്താണ് മോഷ്ടാവിന്‍റെ എടിഎമ്മില്‍ നിന്ന് അൻപതിനായിരം രൂപ കവർന്നത്. അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിൻ നമ്പർ കൈക്കലാക്കിയ ശേഷമായിരുന്നു തട്ടിപ്പ്.

ശ്രീകാന്തിനെ സസ്പെന്റ് ചെയ്ത് അന്വേഷണത്തിന് റൂറൽ എസ്പി ഉത്തരവിട്ടു. ഇയാൾക്കെതിരെ മോഷണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ റൂറൽ എസ്പിയോട് ഡിജിപി അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എടിഎം കാർഡ് തട്ടിയെടുത്ത് എഴുപതിനായിരം രൂപ മോഷ്ടിച്ച ഗോകുൽ എന്നയാളെ ദിവസങ്ങൾക്ക് മുമ്പ് തളിപ്പറമ്പ് പൊലീസ് പിടികൂടിയിരുന്നു. പ്രതി പണം സഹോദരിയുടെ എടിഎമ്മിൽ നിക്ഷേപിച്ചതോടെയാണ് ആ എ ടിഎമ്മും പിൻ നമ്പറും ശേഖരിച്ച് പൊലീസുകാരൻ  പണം തട്ടിയെടുത്തത്.