Asianet News MalayalamAsianet News Malayalam

2000 കോടിയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; അഞ്ച് പ്രതികളും സിബിഐ കസ്റ്റഡിയിൽ

മാനേജിങ്ങ് പാർട്ണർ റോയ് ഡാനിയേൽ, ഭാര്യയും പാർട്ണറുമായ പ്രഭ തോമസ്,ഡയറക്ടർ ബോർഡ് അംഗങ്ങളും ഇരുവരുടെയും മക്കളുമായ റിനു മറിയം തോമസ്, റിയ ആൻ തോമസ്, റേബ മേരി തോമസ് എന്നിവരെയാണ് സിബിഐ കോടതി കസ്റ്റഡിയിൽ വിട്ടത്

popular finace fraud five accused in cbi custody
Author
Kochi, First Published Feb 5, 2021, 9:50 PM IST

കൊച്ചി : രണ്ടായിരം കോടി രൂപയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അഞ്ച് പ്രതികളും സിബിഐ കസ്റ്റഡിയിൽ. മുഖ്യപ്രതി റോയി ഡാനിയേലും,ഭാര്യയും മൂന്ന് മക്കളെയുമാണ് കൊച്ചിയിലെ സിബിഐ കോടതി കസ്റ്റഡിയിൽ വിട്ടത്. സെപ്റ്റംബർ 22ന് സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറിയെങ്കിലും നാല് മാസങ്ങൾക്ക് ശേഷമാണ് കേസിൽ നടപടികൾക്ക് തുടക്കമാകുന്നത്.

ക്രൈം ബ്രാഞ്ച് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്നു അഞ്ച് പ്രതികളും. മുഖ്യപ്രതി റോയി ഡാനിയൽ കൊട്ടാരക്കര ജയിലിലും, സ്ത്രീകളായ പ്രതികൾ അട്ടക്കുളങ്ങര ജയിലിലും. സെപ്റ്റംബർ 22ന് കേസ് സിബിഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടെങ്കിലും നടപടികൾ സാങ്കേതിക കാരണങ്ങളിൽ തട്ടി നീണ്ട് പോയി. ഒടുവിൽ കേന്ദ്ര ഏജൻസി കേസ് ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം കൊച്ചിയിലെ സിബിഐ കോടതി പ്രതികൾക്കായി പ്രൊഡക്ഷൻ വാറന്‍റ് പുറപ്പെടുവിച്ചു. 

പ്രതികൾ ഹാജരായതോടെ ഇവരുടെ അറസ്റ്റും രേഖപ്പെടുത്തി. അന്വേഷണ സംഘത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് മുഴുവൻ പ്രതികളെയും 5 ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. മാനേജിങ്ങ് പാർട്ണർ റോയ് ഡാനിയേൽ, ഭാര്യയും പാർട്ണറുമായ പ്രഭ തോമസ്,ഡയറക്ടർ ബോർഡ് അംഗങ്ങളും ഇരുവരുടെയും മക്കളുമായ റിനു മറിയം തോമസ്,റിയ ആൻ തോമസ്,.റേബ മേരി തോമസ് എന്നിവരെയാണ് സിബിഐ കോടതി കസ്റ്റഡിയിൽ വിട്ടത്. തട്ടിപ്പ് പുറത്ത് വന്നതോടെ ഓഗസ്റ്റ് 28 ന് ഡയറക്ടർ ബോർഡ് അംഗങ്ങളായ റിനു മറിയവും റേബ മേരിയും ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദില്ലി വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്. 

മക്കൾ പിടിയിലായതോടെ 29 നാണ് ചങ്ങനാശ്ശേരിയിൽ ഒളിവിലായിരുന്ന റോയ് ഡാനിയേലും പ്രഭ തോമസും പത്തനംതിട്ട എസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. കേസ് സിബിഐ ഏറ്റെടുത്തതോടെ പ്രതീക്ഷയിലാണ് നിക്ഷേപകരുള്ളത്. 2000 കോടി രൂപയുടെ തട്ടിപ്പ് ബോധ്യപ്പെട്ടിടുണ്ടെങ്കിലും പ്രതികളുടെ പേരിൽ 130 കോടി രൂപയുടെ സ്വത്ത് വിവരങ്ങൾ മാത്രമാണ് ഇത് വരെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘത്തിന് കണ്ടെത്താനായത്.
 

Follow Us:
Download App:
  • android
  • ios