കോഴിക്കോട്: വര്‍ഷങ്ങള്‍കൊണ്ട് കെട്ടിപ്പൊക്കിയ വിശ്വാസ്യതയുടെ മറവില്‍ പോപ്പുലര്‍ ഗ്രൂപ്പിലെ മൂന്നാം തലമുറ നടത്തിയത് കൊടിയ വഞ്ചനയും നിയമലംഘനവും. നിക്ഷേപകരെ, അവരറിയാതെ ബിസിനസ് പങ്കാളികളാക്കിയായിരുന്നു തട്ടിപ്പേറെയും. റോയ് ഡാനിയലിന്‍റെ മൂത്തമകള്‍ റീനു മറിയം തോമസ് ചുമതല ഏറ്റെടുത്ത ശേഷമാണ് എല്‍എല്‍പി കന്പനികളേറെയും തുടങ്ങിയത്. മൂന്നു വര്‍ഷത്തിനിടെ പത്തിലേറെ കടലാസ് കമ്പനികളാണ് റീനു തുടങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.

2013ല്‍കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നോണ്‍ ബാങ്കിങ് ഫൈനാന്‍ഷ്യല്‍ കന്പനീസ് ആക്ട് പ്രകാരം ബാങ്കുകള്‍ ഒഴികെയുളള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ കഴിയില്ല. കടപ്പത്രങ്ങള്‍ ഇറക്കി പണം സമാഹരിക്കാം. എന്നാല്‍ പോപ്പുലര്‍ ചെയ്തത് അതല്ല. 

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപം സ്വീകരിക്കരുതെന്ന നിയമം വന്നതിനെത്തുടര്‍ന്ന് 2014 മുതലാണ് പോപ്പുലര്‍ ലിമിറ്റഡ് യലബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് കന്പനികള്‍ തുടങ്ങിയത്. ഒരു പ്രത്യേക ലക്ഷ്യത്തിനായി തുടങ്ങുകയും അത് കഴിയുന്പോള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്യുന്ന സംരംഭങ്ങളാണ് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പുകള്‍. കന്പനി തുടങ്ങാനും അവസാനിപ്പിക്കാനും വേഗത്തില്‍ കഴിയുമെന്നതാണ് നേട്ടം. 

പോപ്പുലറിന്‍റെ മാനേജിംഗ് പാര്‍ട്ണര്‍ റോയ് ഡാനിയേലിന്‍റെ മകള്‍ റീനു മറിയം തോമസ് കന്പനിയെ കരകയറ്റാനെന്ന പേരില്‍ ഈ സാധ്യതയാണ് പ്രയോഗിച്ചത്. പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ ഡോക്ടറായിരുന്ന റീനു 2017ല്‍ പോപ്പുലര്‍ സിഇഓയായി ചുമതലയെടുത്ത ശേഷം തുടങ്ങിയത് പത്തിലേറെ എഎല്‍എല്‍പി കന്പനികള്‍. ആകെ പോപ്പുലറിന് കീഴില്‍ 21 എല്‍എല്‍പി കന്പനികള്‍.

വാകയാര്‍ ലാബ് എല്‍എല്‍പി, സാന്‍ പോപ്പുലര്‍ ഇ കംപ്ളയിന്‍സ് ബിസിനസ് സൊല്യൂഷന്സ്, സാന്‍ പോപ്പുലര്‍ ഫ്യൂവല്‍ എല്‍എല്‍പി, സാന്‍ പോപ്പുലര്‍ ട്രേഡേഴ്സ് എല്‍എല്‍പി, മൈ പോപ്പുലര്‍ മറൈന്‍ പ്രോഡക്റ്റ്സ് എല്‍എല്‍പി, പോപ്പുലര്‍എക്സോപര്‍ട്സ് എന്നീ കന്പനികള്‍ ഇത്തരത്തില്‍ രൂപമെടുത്തു.

ഉയര്‍ന്ന പലിശ പ്രതീക്ഷിച്ച് കന്പനിയില്‍ പണം നിക്ഷേപിക്കാനെത്തിയ കൂലിവേലക്കാരുള്‍പ്പടെ അറിഞ്ഞില്ല അവര്‍ പണം ഏല്‍പ്പിക്കുന്നത് നിലനില്‍പ്പില്ലാത്ത കന്പനികളിലാണെന്ന്. എല്‍എല്‍പി ആയതിനാല്‍ നിയമ നടപടി വന്നാലും എത്ര പേര്‍ക്ക് പണം തിരികെ കിട്ടുമെന്ന കാര്യത്തില്‍ ഉറപ്പുമില്ല.റോയ് ഡാനിയലിന്‍റെ മൂത്തമകള്‍  റീനുവിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു തട്ടിപ്പ് ഏറെയും. നിക്ഷേപകരെ പങ്കാളികളാക്കി നടത്തിയ തട്ടിപ്പില്‍ എല്ലാവരും കുടുങ്ങുകയായിരുന്നു.