പന്തളം: പന്തളത്ത് പോസ്റ്റ്ഓഫീസ് നിക്ഷേപതട്ടിപ്പ് കേസിൽ പോസ്റ്റൽ അസിസ്റ്റന്‍റ് അറസ്റ്റിൽ. തുമ്പമണ്‍ സ്വദേശി സിന്ധു ആ‌ർ. നായരാണ് അറസ്റ്റിലായത്. അടൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

2016 മുതൽ 2018 വരെ കുളനട പോസ്റ്റ് ഓഫീസിൽ പോസ്റ്റൽ അസിസ്റ്റന്‍റായി ജോലി ചെയ്യുന്ന സമയത്താണ് സിന്ധു മുന്ന് നിക്ഷേപകരിൽ നിന്ന് മൂന്ന് ലക്ഷത്തി ഇരുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്. ഇതു സംബന്ധിച്ച് പത്തനംതിട്ട പത്തനംതിട്ട അഡീഷണൽ പോസ്റ്റൽ സൂപ്രണ്ട് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. 

രണ്ട് നിക്ഷേപകരിൽ നിന്ന് 15000 വീതം വ്യജ ഒപ്പിട്ട് പിൻവലിച്ചു. മൂന്ന് ലക്ഷം ഫിക്സഡ് ഡിപ്പോസിറ്റ് ഇടുന്ന പ്രധാനമന്ത്രിയുടെ സ്കീമിലേക്ക് 2017 ൽ ഒരാളിൽ നിന്ന് പണം വാങ്ങിയെങ്കിലും ഓഫീസിൽ അടച്ചില്ല. ഇതിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് 2018 ൽ സിന്ധുവിനെ സസ്പെന്‍റ് ചെയ്തു. വകുപ്പ് തല അന്വേഷണത്തിൽ സിന്ധു കുറ്റക്കാരിയാണന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തപാൽ വകുപ്പ് പൊലീസിൽ പരതി നൽകിയത്. 

ജില്ലാ പൊലീസ് മേധവിയുടെ നിർദേശ പ്രകാരമാണ് അടൂർ ഡിവൈഎസ്പി ആർ. ബിനു അന്വേഷണം നടത്തിയത്. സിന്ധുവിന് ഒപ്പം ജോലി ചെയ്തിരുന്ന അമ്പിളി എന്ന ആർഡി ഏജന്റിന്റെ ഇടപാടുകാരുടെ പണമാണ് ഇവർ തിരിമറി നടത്തിയത്. 

കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് അമ്പിളി കഴിഞ്ഞ വർഷം മാർച്ചിൽ ആത്മഹത്യ ചെയ്തിരുന്നു.