വര്‍ക്കലയിൽ വാതിൽ കുത്തിത്തുറന്ന് 22 പവൻ കവര്‍ന്നു, മൂന്ന് ലക്ഷം രൂപ വീടിനകത്തെ നിലത്തുനിന്ന് ലഭിച്ചു

തിരുവനന്തപുരം: വര്‍ക്കലയിൽ വീട് കുത്തിത്തുറന്ന് 22 പവൻ സ്വര്‍ണം കവര്‍ന്നു. കുരയ്ക്കണ്ണി വിളക്കുളം സ്വദേശി ഉമറുൽ ഫാറൂഖിന്‍റെ വീട്ടിലാണ് മോഷണം. അര്‍ദ്ധരാത്രിയിൽ ബന്ധുവിന്‍റെ മരണ വീട്ടിൽ പോയ തക്കം നോക്കിയാണ് മോഷ്ടാവ് വീടിന് അകത്തുകടന്നത്. ആസാദ് സ്റ്റേഡിയത്തിന് സമീപമുള്ള വീട്ടിലായിരുന്നു മോഷണം. രാത്രി 11.30 -ന് ബന്ധുവിന്‍റെ മരണവീട്ടിൽ പോയി പുലര്‍ച്ചെ ഒന്നരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം വീട്ടുകാര്‍ അറിഞ്ഞത്. വീടിന്‍റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയിൽ നിന്നാണ് 9,20,000 രൂപ വിലവരുന്ന ആഭരണങ്ങൾ കവര്‍ന്നത്. 

കൃത്യത്തിന് ശേഷം വീടിന്‍റെ പിൻവാതിലിലൂടെയാണ് മോഷ്ടാവ് പുറത്ത് കടന്നത്. മൂന്ന് മുറിയിലേയും അലമാര കുത്തിത്തുറന്നു. മകന്‍റെ വീട് നിര്‍മ്മാണത്തിന് സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപ വിടിനകത്ത് നിലത്ത് നിന്ന് കണ്ടെത്തി. മോഷണ മുതലുമായി പ്രതി കടന്നുകളയുന്നതിനിടെ നിലത്ത് വീണതാകാമെന്നാണ് നിഗമനം. വീട്ടിലെ മറ്റൊരു ഡ്രോയറിലെ പണവും നഷ്ടപ്പെട്ടിട്ടില്ല. ഡോഗ് സ്‍ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പ്രതിയെക്കുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്ന് വര്‍ക്കല പൊലീസ് അറിയിച്ചു

Also Read :  തിരുവല്ലയിൽ ക്ഷേത്ര ഉത്സവത്തിനിടെ നടന്ന ഗാനമേളയിൽ വിപ്ലവഗാനം പാടിയില്ല, ബഹളം, സ്റ്റേജിലെ കര്‍ട്ടൻ വലിച്ചുകീറി

അതേസമയം, പാലക്കാട് കൽമണ്ഡപത്തിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ട് സ്വർണം കവർന്ന ഒന്നാം പ്രതി അറസ്റ്റിലായി. മുഹമ്മദ് അജീഷാണ് അറസ്റ്റിലായത്. വീട്ടമ്മയെ കെട്ടിയിട്ട് 57 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്ന കേസിലാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 8 ആയി. 

കേസില്‍ പാലക്കാട് സ്വദേശികളായ സുരേഷ്, വിജയകുമാർ, റോബിൻ, പ്രദീപ് എന്നിവരെ കസബ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൽമണ്ഡപം പ്രതിഭാനഗറിൽ അൻസാരിയുടെ ഭാര്യ ഷെഫീനയാണ് ആക്രമണത്തിനിരയായത്.