ഭുവനേശ്വര്‍: കൊവിഡ് ദുരിതം മാറാന്‍ ദൈവത്തിന് മനുഷ്യക്കുരുതി നല്‍കി ഒഡീഷയിലെ ക്ഷേത്രത്തിലെ പൂജാരി. ഇതിനായി ക്ഷേത്രത്തിനുള്ളില്‍ വച്ച് പ്രദേശത്തെ മധ്യവയ്സകാനായ ഒരാളുടെ തല വെട്ടിമാറ്റുകയായിരുന്നു. നരസിംഗ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബന്ധഹുദയ്ക്ക് സമീപമുള്ള ക്ഷേത്രത്തില്‍ വച്ചാണ് മനുഷ്യക്കുരുതി നടന്നത്. 

72കാരനായ സന്‍സാരി ഒഝ എന്നയാളാണ് കൊലപാതകം നടത്തിയത്. ബന്ധ മാ ബുദ്ധ ബ്രഹ്മണി ദേയ് ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാള്‍. കൊലപാതകം നടത്തിയതിന് ശേഷം ഇയാള്‍ ബുധനാഴ്ച രാത്രിയോടെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. 

52കാരനായ സരോജ് കുമാര്‍ പ്രധാന്‍ ആണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മില്‍ ക്ഷേത്രത്തില്‍ വച്ച് തര്‍ക്കം നടക്കുകയും തുടര്‍ന്ന് മൂര്‍ച്ഛയുള്ള ഉപകരണം ഉപയോഗിച്ച് ഓഝ, സരോജ് കുമാറിന്‍റെ തല അറക്കുകയുമായിരുന്നു. തല്‍ക്ഷണം തന്നെ സരോജ് കുമാര്‍ മരിച്ചു. 

ദൈവം ഉത്തരവിട്ടതുപ്രകാരമാണ് താന്‍ മനുഷ്യക്കുരുതി നടത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിനുപയോഗിച്ച ആയുധം പൊലീസ് പിടിച്ചെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 

മാങ്ങാത്തോട്ടത്തിന്‍റെ പേരില്‍ കൊല്ലപ്പെട്ടയാളും പൂജാരിയും തമ്മില്‍ കാലങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവസമയത്ത് പൂജാരി മദ്യപിച്ചിരുന്നുവെന്നും കൊലപാതകം നടത്തിയതിന് പിറ്റേന്ന് ബോധം വന്നപ്പോള്‍ അയാള്‍ സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും പൊലീസ് ഡിഐജി ആഷിഷ് കുമാര്‍ സിംഗ് ഇന്ത്യ ടുഡെ ടിവിയോട് പറഞ്ഞു.