പത്തനംതിട്ട: വീട്ടുമുറ്റത്ത് നിർത്തിയിട്ട പുത്തൻ കാറിൽ കല്ലെടുത്ത് കുത്തിവരച്ച് നശിപ്പിച്ച് പുരോഹിതൻ. പത്തനംതിട്ട മലങ്കര കത്തോലിക്കാ സഭയിലെ പുരോഹിതനാണ് പയ്യനാമണ്ണിലെ  വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ  കല്ലെടുത്ത് വരച്ചത്. കാർ നശിപ്പിച്ചതിനെതിരെ ഉടമ പോലീസിൽ പരാതി നൽകി. കോന്നി ആനക്കല്ലുക്കൽ ഷേർലി ജോഷ്വായുടെ പുത്തൻ കാറിലാണ് മലങ്കര കത്തോലിക്കാ സഭാ പുരോഹിതൻ ഫാ മാത്യൂ കുത്തിവരച്ചത്. 

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പയ്യനാമണ്ണിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഷേർലിയും കുടുംബവും. തിങ്കളാഴ്ച നടക്കുന്ന മകൻ ജോജോയുടെ വിവാഹം ആവശ്യത്തിനായിരുന്നു പുതിയ കാർ വാങ്ങിയത്.  പയ്യനാമണ്ണിൽ റാസയിൽ പങ്കെടുക്കാനെത്തിയ  പുരോഹിതനും ഇവരുടെ ബന്ധുവീട്ടിന്‍റെ  മുറ്റത്ത് കാർ പാർക്ക് ചെയ്തു. റാസക്ക് ശേഷം വാഹനം എടുക്കാൻ ബുദ്ധിമുട്ടിയതിൽ പ്രകോപിതനായാണ് പുരോഹിതൻ കാറിൽ കുത്തിവരച്ചെന്നാണ് കരുതുന്നത്. 

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കാറുടമ പുരോഹിതനെതിരെ കോന്നി പൊലീസിൽ പരാതി നൽകി. ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് സഭ  കുടുംബത്തെ സമീപിച്ചു. നശിപ്പിക്കപ്പെട്ട കാറിന് പകരം അതേ മോഡൽ പുതിയ കാർ വാങ്ങി നൽകാമെന്നും വിവാഹ ആവശ്യത്തിന് മറ്റൊരു കാർ വിട്ടുനൽകാമെന്നും  പത്തനംതിട്ട മലങ്കര കത്തോലിക്കാ സഭാ ബിഷപ്പ് ഉറപ്പ് നൽകി. നശിപ്പിക്കപ്പെട്ട കാർ സഭക്ക് നൽകും. സമൂഹ്യമാധ്യമങ്ങളിലെ ദൃശ്യങ്ങൾ മാറ്റണമെന്ന് സഭ ഇവരോട് ആവശ്യപ്പെട്ടു.  പ്രശ്നം ഒത്തുതീർപ്പാക്കിയതിനാൽ മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് കുടുംബം വ്യക്തമാക്കി. 

"