അന്വേഷണത്തിനൊടുവിൽ ഷൊർണൂരിൽ നിന്നാണ് ആഷിഖ് ഖാൻ പിടിയിലായത്. മറ്റൊരാളെ പത്രക്കടലാസ് നൽകി കബളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്.
കണ്ണൂർ: പത്രക്കടലാസുകൾ യുഎഇ ദിർഹമെന്ന പേരിൽ നൽകി കണ്ണൂരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. പത്രക്കടലാസുകൾ നൽകി കാട്ടാമ്പളളി സ്വദേശിയുടെ ഏഴ് ലക്ഷം തട്ടിയെടുത്ത ബംഗാൾ സ്വദേശി ആഷിഖ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ പേർ തട്ടിപ്പ് സംഘത്തിന്‍റെ വലയിൽ വീണെന്നാണ് പൊലീസ് നിഗമനം. കാട്ടാമ്പളളിയിലെ വ്യാപാരിയായ സിറാജുദ്ദീനാണ് തട്ടിപ്പിന് ഇരയായത്.
സമീപത്ത് വാടകയ്ക്ക് താമസിച്ച ബംഗാൾ സ്വദേശി ഇടയ്ക്ക് സിറാജുദ്ദീന് യുഎഇ ദിർഹം നൽകിയിരുന്നു. കുറഞ്ഞ തുക നൽകിയാണ് സിറാജുദ്ദീൻ അത് വാങ്ങിയത്. പല തവണ ഇങ്ങനെ നോട്ടുകൾ നൽകിയപ്പോൾ വ്യാപാരിക്ക് ആഷിഖ് ഖാനെ വിശ്വാസമായി. ഇതിനിടെ ലക്ഷങ്ങളുടെ യുഎഇ ദിർഹം തന്‍റെ പക്കലുണ്ടെന്നും കുറഞ്ഞ തുക നൽകിയാൽ അത് കൈമാറാമെന്നും ബംഗാൾ സ്വദേശി സിറാജിനോട് പറഞ്ഞു. അങ്ങനെയാണ് ഏഴ് ലക്ഷം രൂപ സിറാജുദ്ദീൻ ബംഗാള്‍ സ്വദേശിക്ക് നൽകുന്നത്.
തുണിയിൽ പൊതിഞ്ഞ രണ്ട് കെട്ട് യുഎഇ ദിർഹം ആഷിഖ് ഖാൻ സിറാജുദ്ദീന് കൈമാറി. എളുപ്പത്തിൽ തുറക്കാവുന്ന പൊതി ആയിരുന്നില്ല. സിറാജ് തുണിക്കെട്ട് അഴിച്ച് പണം ഉറപ്പിക്കാൻ ശ്രമിക്കുന്ന സമയം ഏഴ് ലക്ഷവുമായി പ്രതി രക്ഷപ്പെട്ടു. തുറന്നുനോക്കിയപ്പോൾ കണ്ടത് ചുരുട്ടിവച്ച പത്രക്കടലാസ്. അങ്ങനെയാണ് പൊലീസിൽ പരാതി നൽകുന്നത്. അന്വേഷണത്തിനൊടുവിൽ ഷൊർണൂരിൽ നിന്നാണ് ആഷിഖ് ഖാൻ പിടിയിലായത്. മറ്റൊരാളെ പത്രക്കടലാസ് നൽകി കബളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്.
യുഎഇ ദിർഹം ചെറിയ തുകയ്ക്ക് നൽകാമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് ആഷിഖെന്ന് പൊലീസ് പറയുന്നു. സംഘത്തിൽ അഞ്ച് പേർ കൂടിയുണ്ടെന്നാണ് വിവരം. ഏഴ് ലക്ഷം രൂപ സംഘം തട്ടിയെന്ന സമാന പരാതി തളിപ്പറമ്പ് സ്വദേശിയും നൽകിയിട്ടുണ്ട്. കൂടുതൽ പേർ ഇവരുടെ വലയിൽ വീണെന്ന സംശയം പൊലീസിനുണ്ട്. ഇങ്ങനെയും തട്ടിപ്പോ എന്ന് വളപട്ടണം പൊലീസിനെ വരെ അമ്പരിപ്പിച്ച കേസിലെ പ്രതിയെ വേഗത്തിൽ പിടികൂടാനായതിന്‍റെ ആശ്വാസത്തിലാണ് അന്വേഷണ സംഘം. സംഭവത്തിൽ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.
Read More : മൂന്നാറിലെ ഹോട്ടൽ ജീവനക്കാരന്‍റെ ആത്മഹത്യ; വില്ലൻ ഓൺലൈൻ ഗെയിം, ജയിച്ചിട്ടും പണം ലഭിച്ചില്ല, മൊഴി...
യുഎഇ ദിര്‍ഹം എന്ന പേരില്‍ പത്രക്കടലാസ് നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്

