മുംബൈ:  മഹാരാഷ്ട്രയിലെ വാർധയിൽ മുന്‍ കാമുകന്‍ തീകൊളുത്തി കോളേജ് അധ്യാപിക മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിക്ക് വധശിക്ഷ ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ പ്രതിഷേധമാര്‍ച്ചും അക്രമാസക്തമായി. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടിയിരുന്നു. കേസിന്‍റെ വിചാരണ സര്‍ക്കാര്‍ അതിവേഗ കോടതിക്ക് കൈമാറിയിട്ടുണ്ട്.  പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിക്കുകയും ടയറുകള്‍ കത്തിച്ച് ഗതാഗതം തടയുകയും ചെയ്തു. വിവിധയിടങ്ങളില്‍ കല്ലേറും ഉണ്ടായി. മൃതദേഹവുമായി വന്ന ആംബുലന്‍സിന് നേരെ വരെ കല്ലേറുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ആഴ്ചയാണ് കോളേജിലേക്കുള്ള യാത്രാമധ്യേ കോളേജ് അധ്യാപികയായ അങ്കിതയെ വികാസ് നഗ്രാലെ എന്നയാൾ തീകൊളുത്തിയത്. ഇരുവരും നേരത്തെ ബന്ധമുണ്ടായിരുന്നു. എന്നാല്‍ പെരുമാറ്റവും ഉപദ്രവവും സഹിക്കാതെയാണ് രണ്ടുവര്‍ഷം മുമ്പ് അങ്കിത ബന്ധം രഅവസാനിപ്പിച്ചത്. തുടര്‍ന്നായിരുന്നു ആക്രമണം. ബൈക്കിലെത്തിയ വികാസ് പെട്രോളൊഴിച്ചതിന് ശേഷം തീ കൊളുത്തുകയായിരുന്നു.

ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത ശേഷമായിരുന്നു അങ്കിതയെ ആക്രമിക്കാന്‍ വികാസ് എത്തിയത്.  വികാസ് നഗ്രാലെയെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് വർഷത്തിലധികമായി ഇയാൾ അധ്യാപികയെ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു എന്ന് ബന്ധുക്കൾ വ്യക്തമാക്കി.  ഇയാൾ വിവാഹിതനും ഏഴ് മാസം പ്രായമുള്ള കുട്ടിയുടെ പിതാവുമാണ്. 

ബൽഹർഷയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. സൗഹൃദം ഉപേക്ഷിച്ചതിന് ശേഷം ഇയാൾ യുവതിയെ പിന്തുടരാറുണ്ടായിരുന്നു. ശല്യം സഹിക്കാൻ സാധിക്കാതെ കഴിഞ്ഞ വർഷം യുവതി ആത്മഹത്യ ചെയ്യാൻ പോലും ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ വർഷം നാഗ്രാലെ കാരണം യുവതിയുടെ വിവാഹനിശ്ചയം മുടങ്ങിയിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു.