തിരുവനന്തപുരം: കൂട്ടബലാത്സംഗ ശ്രമത്തിന്  ശേഷം രക്ഷപ്പെട്ട തന്നെ, വീട്ടിലെത്തിയ ഭർത്താവ് കേസ് കൊടുക്കരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി യുവതി. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഇവർ. ഭർത്താവിന്റെ സുഹൃത്തുക്കൾ തന്നെയും മകനെയും ക്രൂരമായി മർദ്ദിച്ചെന്നും തന്നെ സിഗററ്റ് കത്തിച്ച ശേഷം ദേഹത്ത് കുത്തി പൊള്ളിച്ചെന്നും യുവതി പറഞ്ഞു.

പ്രതികളെ മുമ്പ് കണ്ട് പരിചയമില്ല. ഭർത്താവ് അവരുടെ പേരുകൾ പറയുന്നത് കേട്ടിട്ടുണ്ട്. പ്രതികളെ കണ്ടാൽ തിരിച്ചറിയും. പുതുക്കുറിച്ചിയിലെ വീട്ടിൽ വച്ച് മദ്യം നൽകുകയായിരുന്നു. വാഹനത്തിൽ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോയി. മദ്യ സൽക്കാരം നടക്കുമ്പോൾ വീട്ടുടമയുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.

"ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ മകനെയും കൂട്ടി ബീച്ചിലേക്ക് പോകാമെന്നും പറഞ്ഞ് ഇറങ്ങി. ബീച്ചിലെത്തിയ ശേഷം കൂട്ടുകാരന്റെ വീട്ടിലേക്ക് പോകാമെന്നും പറഞ്ഞ് അവിടെ അടുത്തുള്ള വീട്ടിലേക്ക് പോയി. അവിടെ വച്ച് ഭർത്താവ് മദ്യപിച്ചു. എന്നെയും ബലമായി മദ്യം കുടിപ്പിച്ചു. അതിന് ശേഷം ഭർത്താവും സുഹൃത്തുക്കളും പുറത്തേക്ക് പോയി. അവരിലൊരാൾ വെള്ളമെടുക്കാനെന്നും പറഞ്ഞുകൊണ്ട് തിരിച്ചുവന്നു. അവിടെ ഒരു പ്രായം ചെന്ന സ്ത്രീയാണ് ഉണ്ടായിരുന്നത്. അവരെന്നോട് പറഞ്ഞു, മോളേ നീ രക്ഷപ്പെട്ടോ. ഇവരുടെ ഉദ്ദേശം വേറെയാണെന്ന്. വെള്ളമെടുക്കാൻ വന്നയാൾ തന്നോട് അപമര്യാദയായി പെരുമാറി," എന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"ഞാനവിടെ നിന്ന് ഇറങ്ങി. അപ്പോൾ ഭർത്താവിനൊപ്പം പോയ വേറൊരാൾ വന്ന് ചേട്ടനവിടെ അടിയുണ്ടാക്കുകയാണെന്ന് പറഞ്ഞു. ഞാൻ പെട്ടെന്നങ്ങോട്ട് ചെന്നു. റോഡിലാണ് നിൽക്കുന്നതെന്നാണ് പറഞ്ഞത്. മുന്നോട്ട് പോയപ്പോൾ നാല് പേർ ഓട്ടോറിക്ഷയിൽ വന്ന് എന്നെയും മോനെയും അതിലേക്ക് വലിച്ചുകയറ്റി. എന്നിട്ട് കാടിന്റെ ഇട ഭാഗത്ത് കൊണ്ടുപോയി. കുറേയടിച്ചു. സിഗററ്റ് വെച്ച് പൊള്ളിച്ചു. മോനെയും അതിലൊരാൾ അടിച്ചു. മോനെ റോഡിലേക്ക് കൊണ്ടാക്കിയിട്ട് വരാം എന്ന് ഉറപ്പുപറഞ്ഞ് അവിടെ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു," എന്നും യുവതി പറഞ്ഞു.

കേസിൽ ഇരയായ വീട്ടമ്മയുടെ ഭർത്താവടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭർത്താവും നാല് സുഹൃത്തുക്കളുമാണ് പിടിയിലായത്. ഭർത്താവിന്റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ ഇന്നലെ വൈകിട്ട് നാലരയോടെ വാഹനത്തിൽ കയറ്റി മറ്റൊരിടത്ത് കൊണ്ടുപോയ ശേഷമായിരുന്നു പീഡിപ്പിച്ചത്. നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചത്. ഭർത്താവും ആറ് സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്.

രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ നാട്ടുകാർ കണിയാപുരത്തുള്ള തന്‍റെ വീട്ടിലെത്തിക്കുകയായിരുന്നു. വളരെ ക്ഷീണിതയായ യുവതി അബോധാവസ്ഥയിലായതോടെ ആശുപത്രിയിലാക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ചിറയൻകീഴ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇവർ.