ഇടുക്കി ഉപ്പുതറയിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അയൽവാസികളായ അമ്മയും മകനും അറസ്റ്റിൽ.

ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അയൽവാസികളായ അമ്മയും മകനും അറസ്റ്റിൽ. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജിനീഷിനെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസികളായ എൽസമ്മയും മകൻ ബിബിനും പിടിയിലായത്. വെളളിയാഴ്ച ക്രൂര മർദ്ദനമേറ്റ ജനീഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെളളിയാഴ്ച ഉച്ചയോടെയാണ് മർദ്ദനമേറ്റ് അവശനിലയിലായ ജനീഷിനെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തെക്കുറിച്ച് പൊലീസും അയൽവാസികളും പറയുന്നതിങ്ങനെ. അയൽവാസിയായ എൽസമ്മയുടെ കുടംബവും ജനീഷും തമ്മിൽ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ജനീഷ് ഇവരുടെ വീട്ടിലെത്തി ബഹളം വച്ചെന്നും വീടിൻ്റെ ചില്ല് തകർത്തെന്നും കാണിച്ച് എൽസമ്മ പരാതി നൽകിയിട്ടുണ്ട്. ഇതിന് തൊട്ടുമുമ്പാണ് എൽസമ്മയും മകനും ജനീഷിനെ വീട്ടിലെത്തി മർദ്ദിച്ചവശനാക്കിയെന്നാണ് പൊലീസിന് കിട്ടിയ വിവരം. ജനീഷിന്റെ വീട്ടിൽ പിരിവിനെത്തിയ ആളുകളാണ് അവശനിലയിൽ കിടക്കുന്നത് കണ്ടത്.

ഉടൻ പൊലീസിനെ വിവരമറിയിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിന് ശേഷം ഉടുമ്പൻചോലയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. മരത്തടി കൊണ്ടുൾപ്പെടെ മർദ്ദനമേറ്റ ജനീഷിൻ്റെ വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. ആന്തരിക രക്തസ്രാവം കൂടിയായതോടെ മരണം സംഭവിച്ചെന്നാണ് പോസ്റ്റ്മോർട്ടം നിഗമനം. ജനീഷിനെ മനപ്പൂർവ്വം അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു മർദ്ദനമെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കൊലക്കുറ്റത്തിനൊപ്പം അതിക്രമിച്ച് കടക്കൽ, ഗൂഡാലോചന, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ഇരുവർക്കുമെതിരെ ചുമത്തിയിട്ടുണ്ട്. വർഷങ്ങളായുളള തർക്കം ഇരുകൂട്ടരും തമ്മിലുണ്ടായിരുന്നെന്നും ഇതെ തുട‍ർന്നുളള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പൊലീസ് നിഗമനം.

Asianet News Live | Vidyarambham | Malayalam News Live | Latest News Updates | Asianet News