കോതംമംഗലം: മാതിരപ്പിള്ളിയിൽ 13 വയസ്സുകാരൻ ആത്മഹത്യ ചെയ്തത് ഓൺലൈൻ ഗെയിമിന് അടിമ ആയതുകൊണ്ടാകാമെന്ന് കുടുംബം. 'ക്വയ്റോ മോറിർ' എന്ന ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ഗെയിമിനെക്കുറിച്ചുള്ള സൂചനകൾ ഏഴാം ക്ലാസുകാരനായ ഹിലാലിന്റെ പുസ്തകങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയാക്കാണ് ഹിലാലിനെ കാണാതാകുന്നത്. മുൻ വാതിൽ പുറത്ത് നിന്ന് പൂട്ടി ബാക്ക്ഡോർ ഓപ്പൺ എന്ന് എഴുതിയ കടലാസുമൊട്ടിച്ച് വച്ചാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. സമീപത്തെ പുഴവക്കിൽ ഹിലാലിന്റെ ചെരിപ്പുകൾ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച വൈകീട്ട് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തി. 

അധികം കൂട്ടുകാരില്ലാത്ത, ഒരുപാടൊന്നും സംസാരിക്കാത്ത ഹിലാലിന്റെ പുസ്തകങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് ഓരോന്നോരോന്നായി ചെയ്ത് തീർത്ത ഓൺലൈൻ ഗെയിം ടാസ്കുകളുടെ വിവരങ്ങൾ. എല്ലായിടത്തും കുട്ടി പൊതുവായി എഴുതിയിട്ടത് മരണം എന്നർത്ഥം വരുന്ന മോറിർ എന്ന വാക്ക്.

ക്വയ്റോ മോറിർ അഥവ എനിക്ക് മരിക്കണം എന്നർത്ഥം വരുന്ന പേരിൽ ഉള്ള ഗെയിം ഹിലാൽ കളിച്ചിരിക്കാമെന്ന് ഉറപ്പിക്കാവുന്നതാണ് ഓരോ സൂചനകളും. മരണത്തിലൂടെ താൻ ജപ്പാനിലേക്ക് പോവുകയാണെന്നും അതോടെ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്നും ഡയറിയിൽ എഴുതിവെച്ച ഹിലാൽ തന്നെ അന്വേഷിക്കരുതെന്നും കൂടെ ചേർത്തിരുന്നു.

പഠനത്തിൽ വലിയ താൽപര്യമില്ലാതിരുന്ന ഹിലാൽ ഉമ്മയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്. മരണമല്ലാതെ വേറെ വഴിയില്ലെന്ന് ചിന്തിക്കാവുന്നത്ര ഓൺലൈൻ ഗെയിം നിർദേശങ്ങൾക്ക് അടിമയാക്കപ്പെട്ട അവസ്ഥയിലായിരുന്നെന്ന് ഉറപ്പിക്കുന്നതാണ്, ആറുമാസത്തിനിടെ ഹിലാൽ എഴുതിയിട്ട കുറിപ്പുകൾ, എന്നാൽ ഇത് തന്നെയാണോ മരണകാരണമെന്ന് അന്വേഷിക്കുകയാണെന്നും അന്തിമനിഗമനത്തിൽ എത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.