ജയ്പുര്‍: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിക്ക് നേരെ ക്രൂര പീഡനം. മൂന്ന് പേരുടെ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി നഗ്നയായി ഒരുകിലോമീറ്ററോളം ഓടി. തിങ്കളാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പെണ്‍കുട്ടി സുഹൃത്തുക്കളോടൊപ്പം ക്ഷേത്രത്തില്‍ പോയി തിരിച്ചുവരുമ്പോഴാണ് സംഭവമുണ്ടായത്.  മൂന്ന് പേര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് അക്രമികള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം  ചെയ്തു.

രക്ഷപ്പെട്ട സുഹൃത്ത് സമീപത്തെ പട്ടണത്തിലെത്തി പെണ്‍കുട്ടിയെ രക്ഷിക്കണമെന്ന് അപേക്ഷിച്ചതിനെ തുടര്‍ന്ന് വ്യാപാരി സുഹൃത്തിനൊപ്പം സംഭവ സ്ഥലത്തെത്തി. മൂന്ന് പേര്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് കണ്ടതെന്ന് വ്യാപാരി പറഞ്ഞു. ഇയാളെ കണ്ടതോടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. പരിഭ്രാന്തിയിലായ പെണ്‍കുട്ടി വസ്ത്രമില്ലാതെ ഒരുകിലോമീറ്ററോളം ഓടി. പിന്നാലെയെത്തിയ സുഹൃത്ത് പെണ്‍കുട്ടിയെ വസ്ത്രം ധരിപ്പിച്ചു. 

പ്രതികള്‍ മദ്യപിച്ചിരുന്നെന്നും സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെട്ടതോടെ ഇവര്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും ഭില്‍വാര സീനിയര്‍ പൊലീസ് ഓഫിസര്‍ ഹരേന്ദ്ര മെഹ്‍വാര്‍ പറഞ്ഞു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്സോ, പട്ടികജാതികള്‍ക്കെതിരെയുള്ള അക്രമം തടയല്‍ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിച്ചതായും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.