ജയ്‌പൂർ: ആർഎസ്എസ് ശാഖയ്ക്ക് നേരെ രാജസ്ഥാനിലെ ബുണ്ടിയിൽ ആക്രമണം. ശാഖയിൽ പങ്കെടുക്കാനെത്തിയ ചില പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ പത്തിനാണ് സംഭവം നടന്നത്. ബുണ്ടിയിലെ ഒരു പാർക്കിൽ ആർഎസ്എസ് ശാഖ ചേർന്നപ്പോഴായിരുന്നു സംഘർഷം. ഇവിടെയുണ്ടായിരുന്ന ചിലരും ആർഎസ്എസ് ശാഖയിൽ പങ്കെടുക്കാനെത്തിയവരും തമ്മിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു. സംഘർഷത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ശാഖയിൽ പങ്കെടുക്കാനെത്തിയ ചില പ്രവർത്തകർക്ക് പരിക്കേറ്റതായി ആർഎസ്എസ് പറഞ്ഞു. സംഘർഷം അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി. പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആർഎസ്എസ് പ്രവർത്തകർ ആവശ്യപ്പെട്ടു.

പാർക്കിൽ ശാഖ ചേരാനെത്തിയപ്പോൾ ഇവിടെയുണ്ടായിരുന്ന ചിലർ തങ്ങളെ അസഭ്യം പറയുകയും പിന്നീട് ആക്രമിക്കുകയായിരുന്നുവെന്നും ഇന്ത്യ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ ഒരു ആർഎസ്എസ് പ്രവർത്തകൻ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.