ഹൈക്കോടതിയുടെ അനുമതിയോടെ 2020 ജൂലൈയിലാണ് ഡിഎന്‍എ പരിശോധനക്ക് അയച്ചത്. കൃത്യമായ അന്വേഷണം നടത്താതെയാണ് തന്റെ കക്ഷിയെ അറസ്റ്റ് ചെയ്തതെന്ന് അഭിഭാഷകന്‍ വാദിച്ചു. 

അലിഗഢ്: ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ പിതാവല്ലെന്ന് വ്യക്തമായതോടെ ബലാത്സംഗക്കേസിലെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. 28കാരനായ അലിഗഢ് സ്വദേശിക്കാണ് കോടതി ജാമ്യം നല്‍കിയത്. 13കാരിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ കേസിലാണ് ഇയാള്‍ ജയിലില്‍ കഴിഞ്ഞിരുന്നത്. പെണ്‍കുട്ടിയുടെ പിതാവാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രതി ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് തന്റെ മകള്‍ ഗര്‍ഭിണിയായെന്ന് ഇയാള്‍ പരാതി നല്‍കി. പുറത്തുപറഞ്ഞാല്‍ പരിണിതഫലം അനുഭവിക്കേണ്ടി വരുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഏഴ് മാസം ഗര്‍ഭിണിയായപ്പോഴാണ് പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചത്. ഹൈക്കോടതിയുടെ അനുമതിയോടെ 2020 ജൂലൈയിലാണ് ഡിഎന്‍എ പരിശോധനക്ക് അയച്ചത്. കൃത്യമായ അന്വേഷണം നടത്താതെയാണ് തന്റെ കക്ഷിയെ അറസ്റ്റ് ചെയ്തതെന്ന് അഭിഭാഷകന്‍ വാദിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി പ്രതി നാട്ടിലുണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. അതേസമയം, ഡിഎന്‍എ ഫലത്തില്‍ കൃത്രിമം നടന്നതായി പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു.