Asianet News MalayalamAsianet News Malayalam

ബംഗാളിൽ മെഡിക്കൽ കോളേജ് സെമിനാർ ഹാളിൽ ക്രൂരമായ പീഡനത്തിനിരയായി ട്രെയിനി ഡോക്ടർ കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ

കണ്ണിലും മുഖത്തും  വയറിലും കഴുത്തിലും ഇരു കാലുകളിലും വലത് കയ്യിലും സാരമായ പരിക്കുകളാണ് ട്രെയിനി ഡോക്ടർക്ക് ഏറ്റിട്ടുള്ളത്. കഴുത്തിലെ എല്ലുകൾ ഒടിഞ്ഞ നിലയിലാണ് ഉള്ളത്. സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തമൊഴുകുന്ന നിലയിലും ശരീരത്തിലുടനീളം മുറിവുകളോടെയുമാണ് ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്

rape and murder of woman trainee doctor in west bengal one arrested
Author
First Published Aug 10, 2024, 12:32 PM IST | Last Updated Aug 10, 2024, 12:56 PM IST

കൊൽക്കത്ത: മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലാണ് രണ്ടാം വർഷ പി ജി വിദ്യാർത്ഥിനിയെ വെള്ളിയാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജിന് പുറത്തുള്ളയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇയാളുടെ പ്രവർത്തികൾ വളരെ സംശയം ഉളവാക്കുന്നതാണെന്നും മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ഇയാൾ എത്തിയിരുന്നുമെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. 

വെള്ളിയാഴ്ചയാണ് ട്രെയിനി ഡോക്ടറുടെ മൃതദേഹം അർധനഗ്നമായ അവസ്ഥയിൽ ചെസ്റ്റ് മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ സെമിനാർ ഹാളിൽ കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തമൊഴുകുന്ന നിലയിലും ശരീരത്തിലുടനീളം മുറിവുകളോടെയുമാണ് ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.  ലൈംഗികമായ പീഡനത്തിന് ട്രെയിനി ഡോക്ടർ ഇരയായെന്നാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം പുറത്ത് വന്നിട്ടുള്ള വിവരം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് അനുസരിച്ച് ക്രൂരമായ മർദ്ദനം ട്രെയിനി ഡോക്ടറിന് നേരെയുണ്ടായിട്ടുണ്ട്. കണ്ണിലും മുഖത്തും  വയറിലും കഴുത്തിലും ഇരു കാലുകളിലും വലത് കയ്യിലും സാരമായ പരിക്കുകളാണ് ട്രെയിനി ഡോക്ടർക്ക് ഏറ്റിട്ടുള്ളത്. കഴുത്തിലെ എല്ലുകൾ ഒടിഞ്ഞ നിലയിലാണ് ഉള്ളത്. പുലർച്ചെ മൂന്നിനും ആറിനും ഇടയിലാണ് കൊലപാതകം നടന്നിട്ടുള്ളതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പൊലീസ് വിശദമാക്കുന്നത്. 

സംഭവം പുറത്ത് വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് കൊൽക്കത്തയിലുണ്ടായത്. സംഭവത്തിന് പിന്നാലെ പശ്ചിമബംഗാൾ മുഖ്യമന്ത്രി കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറുടെ രക്ഷിതാക്കളോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പുലർച്ചെ 2 മണിക്ക് ജൂനിയർ ഡോക്ടർമാർക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു. ഇതിന് ശേഷം ട്രെയിനി ഡോക്ടർ സെമിനാർ ഹാളിലേക്ക് വിശ്രമിക്കാൻ പോയതായാണ് ഒപ്പമുണ്ടായിരുന്ന മറ്റ് ഡോക്ടർമാർ വിശദമാക്കുന്നത്. ഡ്യൂട്ടിയിലുള്ള ഡോക്ടർമാർക്ക് വിശ്രമിക്കാൻ മറ്റിടങ്ങൾ ലഭ്യമായിരുന്നില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ വിശദമാക്കുന്നത്. അത്യാഹിത വിഭാഗത്തിന്റെ നാലാം നിലയിലാണ് സെമിനാർ ഹാളുള്ളത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios