ഉത്തർപ്രദേശ് സ്വദേശിയായ 32 കാരിയാണ് പരാതിക്കാരി. കഴിഞ്ഞ 10 വർഷമായി ദില്ലിയിലാണ് താമസിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് നിലോത്പൽ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്.
ദില്ലി: പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ നിലോത്പൽ മൃണാലിനെതിരെ (nilotpal mrinal-37) ബലാത്സംഗ (Rape) പരാതി. വിവാഹ വാഗ്ദാനം നൽകി പത്തു വർഷത്തോളം പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്തെത്തി. സ്ത്രീയുടെ പരാതിയിൽ ദില്ലി തിമർപൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഉത്തർപ്രദേശ് സ്വദേശിയായ 32 കാരിയാണ് പരാതിക്കാരി. കഴിഞ്ഞ 10 വർഷമായി ദില്ലിയിലാണ് താമസിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് നിലോത്പൽ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഇരുവരും പരസ്പരം കാണാൻ തുടങ്ങി.
2013ൽ എഴുത്തുകാരൻ തന്നെ ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന് യുവതി ആരോപിച്ചു. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പ്രതി വിവാഹ വാഗ്ദാനം നൽകി. എന്നാൽ വിവാഹം കഴിക്കാതെ ഒഴിവ് കഴിവ് പറഞ്ഞ് നീട്ടിക്കൊണ്ടുപോയെന്നും യുവതി പറയുന്നു. ഇയാൾക്ക് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടെന്നും യുവതി ആരോപിച്ചു.
2015ൽ പ്രസിദ്ധീകരിച്ച ഡാർക്ക് ഹോഴ്സ് ആണ് നിലോത്പൽ മൃണാളിന്റെ ആദ്യ നോവൽ. നിരൂപക പ്രശംസ നേടിയ നോവലായിരുന്നു ഇത്. 2016ൽ സാഹിത്യ അക്കാദമി യുവ അവാർഡ് ലഭിച്ചു. ഔഘദ് എന്ന രണ്ടാമത്തെ നോവൽ 2020ൽ പുറത്തിറക്കി. 'യാർ ജാദുഗർ' ആണ് അവസാനത്തെ നോവൽ. നോവലിന് പുറമെ കവിതകളും നാടൻ പാട്ടുകളും രചിച്ചു.
