ഉത്തർപ്രദേശ്: നാല് ദിവസങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശിലെ ഫത്തേപ്പൂർ ജില്ലയിൽ ബലാത്സം​ഗത്തിന് ശേഷം പ്രതി തീകൊളുത്തിയ ഇരുപതുകാരി പെൺകുട്ടി മരിച്ചു. അയൽവാസിയായ ബന്ധുവാണ് ക്രൂരപീഡനത്തിന് ശേഷം പെൺകുട്ടിയെ ചുട്ടുകൊല്ലാൻ ശ്രമിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കാൺപൂരിലെ എൽഎൽആർ ഹോസ്പിറ്റലിൽ അതീവ ​ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു പെൺകുട്ടി. വ്യാഴാഴ്ച രാവിലെ ആശുപത്രിയിൽ വച്ചായിരുന്നു പെൺകുട്ടിയുടെ അന്ത്യം.

രാവിലെ ഏഴ്മണിക്ക് മരിച്ച പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബാം​ഗങ്ങൾക്ക് വിട്ടു നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.  ഡിസംബർ 14 നാണ് അയൽവാസിയായ ബന്ധു പെൺകുട്ടിയെ ബലാത്സം​ഗത്തിനിരയാക്കിയത്. വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതോടെ ഇയാൾ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയ്ക്ക് തൊണ്ണൂറു ശതമാനം പൊള്ളലുണ്ടായിരുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിറ്റേന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.