ഉത്തർപ്രദേശിൽ വീണ്ടും കൂട്ടബലാൽസംഗം. മണിക്കൂറുകൾക്കകം ഇരയായ യുവതിയും ഭർത്താവും ആത്മഹത്യ ചെയ്തു

ലഖ്നൌ: ഉത്തർപ്രദേശിൽ വീണ്ടും കൂട്ടബലാൽസംഗം. മണിക്കൂറുകൾക്കകം ഇരയായ യുവതിയും ഭർത്താവും ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് മുൻപ് ഇവർ റെക്കോർഡ് ചെയ്ത വീഡിയോ പ്രതികളിലേക്ക് എത്താൻ നിർണായകമായി. 27 കാരിയെ കഴിഞ്ഞ ദിവസമാണ് രണ്ടുപേർ ചേർന്ന് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചത്.

തൊട്ടുപിന്നാലെ യുവതിയും ഭർത്താവും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. മരിക്കുന്നതിന് മുൻപായി ഇവർ പ്രതികളുടെ പേരുവിവരങ്ങൾ സൂചിപ്പിക്കുന്ന ഒരു വീഡിയോ റെക്കോർഡ് ചെയ്തിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിൽ ഇവരുടെ സഹോദരൻ നൽകിയ പരാതിയിൽ ആദർശ്, ത്രിലോകി എന്നിങ്ങനെ രണ്ടുപേരെ പോലീസ് ഉടൻ അറസ്റ്റ് ചെയ്തു. 

ഇവർക്കെതിരെ കൂട്ടബലാൽസംഘത്തിനും ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. പ്രതികളും യുവതിയുടെ ഭർത്താവും തമ്മിലുള്ള ഭൂമി വിൽപനാ തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. ദമ്പതികൾക്ക് മൂന്നു കുട്ടികളാണുള്ളത്. സംഭവദിവസം സ്കൂളിൽ പോകാൻ തയാറെടുക്കുകയായിരുന്ന കുഞ്ഞുങ്ങളോട് വിഷം കഴിച്ചിട്ടുണ്ടെന്നും ഉടൻ മരിച്ചു പോകുമെന്നും ദമ്പതിമാര്‍ പറഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. 

Read more: പത്ത് വർഷത്തെ ബന്ധം, പലവട്ടം ശാരീരികമായി പീഡിപ്പിച്ചു, യുവതി ആത്മഹത്യ ചെയ്തു; മാളയിൽ യുവാവ് അറസ്റ്റിൽ

ദമ്പതികളുടെ നിർദേശപ്രകാരമാണ് ഇളയ മകൻ വീഡിയോ റെക്കോർഡ് ചെയ്തത്. മരണ ശേഷം വീഡിയോ പൊലീസിൽ ഏൽപ്പിക്കണമെന്നും ഇവർ കുഞ്ഞിനോട് ആവശ്യപ്പെട്ടു. അപമാനം ഭയന്നാണ് ആത്മഹത്യയിലേക്ക് നീങ്ങുന്നതെന്നും ഇവർ വിഡിയോയിൽ പറയുന്നുണ്ട്.