ലഖ്നൗ: മദ്യം വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ ​ഗർഭിണിയായ ഭാര്യയെ വെടിവച്ചു കൊന്ന് യുവാവ്. ഉത്തർപ്രദേശിലെ ജുനാപൂർ ജില്ലയിലെ ഭട്ടോലി ഗ്രാമത്തിലാണ് സംഭവം. കേസിൽ ദീപക് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 25കാരിയായ നേഹയാണ് കൊല്ലപ്പെട്ടത്. നാല് വയസ് പ്രായമുള്ള മകന്റെ മുന്നിൽവച്ചാണ് ഭാര്യയ്ക്ക് നേരെ പ്രതി വെടിയുതിർത്തത്. 

തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം നടന്നത്. 42 ദിവസത്തെ ലോക്ക്ഡൗണിനുശേഷം ഉത്തർപ്രദേശിൽ മദ്യഷോപ്പുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതോടെ മദ്യപിക്കാനുള്ള പണത്തിനായി ദീപക് യുവതിയെ സമീപിച്ചു. എന്നാൽ, പണം നൽകാൻ നേഹ വിസമ്മതിച്ചതോടെ ദമ്പതികൾ തമ്മിൽ തർക്കത്തിലായി. തർക്കം രൂക്ഷമായതോടെ കയ്യിൽ കരുതിയ തോക്ക് ഉപയോഗിച്ച് നേഹയുടെ തലയ്ക്ക് നേരെ 
ദീപക് വെടിയുതിർക്കുകയായിരുന്നു. 

വെടിയൊച്ച കേട്ട് എത്തിയ നാട്ടുകാരാണ് നേഹയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നേഹ ചികിത്സയ്ക്കിടെ മരിച്ചു. കൊലപാതക ദൃശ്യം നേരിൽ കണ്ട ദമ്പതികളുടെ മകൻ അടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിക്കുകയായിരുന്നുവെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും കുട്ടിയെ കുറ്റിക്കാട്ടിൽനിന്ന് കണ്ടെത്തുകയും ചെയ്തു. 

തുടർന്ന് നേഹയുടെ സഹോദരന്റെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. നാല് വർഷം മുമ്പാണ് ദീപകും നേഹയും തമ്മിൽ വിവാഹിതരായത്. നേഹയും ദീപക്കും മകനും ദില്ലിയിലായിരുന്നു താമസം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങി. കൊല്ലപ്പെടുമ്പോൾ നേഹ നാലുമാസം ഗർഭിണിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.