മയക്കുമരുന്നു മാഫിയാ സംഘങ്ങളുമായി താമരശേരി സ്റ്റേഷനിലെ ചില പൊലീസുകാര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.

കോഴിക്കോട്: മയക്കുമരുന്ന് മാഫിയാ സംഘവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പൊലീസുകാരന് സസ്പെന്‍ഷന്‍. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. താമരശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി സംഘത്തിലുള്ളവരുമായുള്ള രജിലേഷിന്റെ ഫോട്ടോകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.

താമരശേരി അമ്പലമുക്കില്‍ ലഹരി മാഫിയ ക്യാമ്പ് നടത്തിയ സ്ഥലത്തിന്റെ ഉടമ അയ്യൂബിനൊപ്പം രജിലേഷ് നില്‍ക്കുന്ന ഫോട്ടോകളാണ് ആദ്യം പുറത്ത് വന്നത്. പിന്നാലെ താമരശേരി പോസ്റ്റ് ഓഫീസിന് സമീപം ലഹരി വില്‍പ്പന നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി അതുലിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും. തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇക്കാര്യം വ്യക്തമാക്കി താമരശേരി ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രജിലേഷിനെ സസ്‌പെന്റ് ചെയ്തത്. 

കഴിഞ്ഞ ദിവസമാണ് കൂരിമുണ്ടയില്‍ മന്‍സൂറിന്റെ വീട് അയൂബിന്റെ നേതൃത്വത്തില്‍ തല്ലി തകര്‍ക്കുകയും ഒരാളെ വെട്ടിപ്പരിക്കേല്‍പ്പികുകയും ചെയ്തത്. ഇത് അന്വേഷിക്കാനെത്തിയ പൊലീസിനെയും ആക്രമിച്ചു. ഈ സംഭവത്തില്‍ ഇതുവരെ 10 പേര്‍ പിടിയിലായിട്ടുണ്ട്. ഇതേ കേസില്‍ പിടിയിലായ ദീപുവിന്റെ വീട്ടില്‍ വച്ചെടുത്ത അയൂബിന്റെയും രജിലേഷിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. രജിലേഷ് ഇടക്കാലത്ത് താമരശേരി സ്റ്റേഷനിലും ജോലി ചെയ്തിട്ടുണ്ട്. നിലവില്‍ ഏറെ നാളായി ഇയാള്‍ ജോലിക്കെത്തുന്നുമില്ല. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. മയക്കുമരുന്നു മാഫിയാ സംഘങ്ങളുമായി താമരശേരി സ്റ്റേഷനിലെ ചില പൊലീസുകാര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഈ ആരോപണം അത് തെളിയിക്കുന്നതാണ് പുറത്തു വന്ന ഫോട്ടോകള്‍.

ഒഎല്‍എക്സിലൂടെ തട്ടിപ്പ്, പതിനൊന്ന് കേസുകളില്‍ പ്രതി; വിജയവാഡയിലെത്തി പൊക്കി പൊലീസ്

YouTube video player