കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലില്‍ പാമ്പ്  കടിയേറ്റ് മരിച്ച ഉത്രയുടെ ഭര്‍ത്താവ് സൂരജിന് പാമ്പ്  പിടുത്തക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ സൂരജിന്‍റെ ഫോണും പരിശോധിക്കുകയാണ്. കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് പാമ്പ് കടിയേറ്റ് അഞ്ചൽ സ്വദേശിനിയായ ഉത്ര മരിച്ചത്. കഴിഞ്ഞ ആറ് മാസമായി ഉത്രയുടെ ഭർത്താവ് സൂരജ് പാമ്പ് പിടിത്തക്കാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. സൂരജിന്‍റെ പറക്കോട്ടെ വീട്ടില്‍ പാമ്പുമായി ചില സ്നേഹിതർ എത്തിയിരുന്നവെന്നും പാമ്പിനെ സൂരജ് കൈകൊണ്ട് എടുത്തിരുന്നുവെന്നും ഉത്ര അച്ഛനോടും അമ്മയോടും പറഞ്ഞിരിന്നതായും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ക്രൈംബ്രാഞ്ചിന് പുറമെ കേസ് അന്വേഷിക്കുന്ന അഞ്ചല്‍ പൊലീസ് ഉത്രയുടെ അച്ഛന്‍റെയും അമ്മയുടെയും സഹോദരന്‍റെയും മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയ്ക്ക് സൂരജിനെ രണ്ട് പ്രാവശ്യം പൊലീസ് അഞ്ചലില്‍ വിളിച്ചെവരുത്തി ചോദ്യം ചെയ്തിരുന്നു. സൈബർ വിദഗ്ദരുടെ സഹായത്തോടെ സൂരജിന്‍റെ ഫോൺരേഖകള്‍ പരിശോധിക്കുന്നുണ്ട്.

രണ്ടാം പ്രവശ്യവും പാമ്പ് കടിയേറ്റത് യുവതി അറിഞ്ഞിട്ടില്ല എന്നത് അന്വേഷണ ഉദ്യോഗസ്ഥരെയും കുഴയ്ക്കുന്നുണ്ട്. നിലവില്‍ അഞ്ചല്‍ സർക്കിള്‍ ഇൻസ്പെക്ട‍ർക്കാണ് അന്വേഷണ ചുമതല. വരുദിവസങ്ങളില്‍ സുരജിന്‍റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിരേഖപ്പെടുത്തും.