പത്തനംതിട്ട: വയോധികന്‍ മരിച്ച സഭവത്തിൽ യുവാവിനെതിരെ പരാതിയുമായി മരിച്ചയാളുടെ ബന്ധുക്കൾ. പത്തനംതിട്ട ഇടപ്പരിയാരം വിജയവിലാസത്തിൽ സജീവ് മരിച്ചത് മകളുടെ കാമുകന്‍റെ ക്രൂരമർദ്ദനത്തെ തുടർന്നാണെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവം അട്ടിമറിക്കാൻ നീക്കം നടക്കുകയാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

കഴിഞ്ഞദിവസമാണ് ഇടപ്പരിയാരം വിജയവിലാസത്തിൽ സജീവ് മരിച്ചത്. സ്വകാര്യ ബസ് ഡ്രൈവറായ യുവാവും മകളും തമ്മിലുള്ള പ്രണയബന്ധത്തെ സജീവ് എതിർത്തിരുന്നു. ഇതേ തുടർന്ന് പെൺകുട്ടിയും അമ്മയും വീട്ടിൽ നിന്ന് ഇറങ്ങി പോയി. പിതാവിനെതിരെ കുട്ടി ആറന്മുള പൊലീസിൽ പരാതിപ്പെടുകയും യുവാവിനൊപ്പം പോകാനാണ് താല്‍പ്പര്യമെന്ന് അറിയിക്കുകയും ചെയ്തു. പെൺകുട്ടി അമ്മയുടെ വീട്ടിൽ യുവാവിനൊപ്പം താമസമാരംഭിച്ചത് ചോദ്യം ചെയ്തതിന് സജീവിനെ മർദ്ദിച്ചുവെന്നാണ് പരാതി. 

യുവാവ് മർദ്ദിച്ചുവെന്ന് സജീവ് ആശുപത്രിയിൽ വച്ച് പൊലീസിന് മൊഴി നൽകിയിരുന്നു.എന്നാൽ യുവാവിന്‍റെ രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ബന്ധുക്കൾ ആരോപിച്ചു. എന്നാൽ സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകു എന്നുമാണ് ഇലവുംതിട്ട പൊലീസിന്‍റെ വിശദീകരണം. വിദേശത്തായിരുന്ന സജീവ് അടുത്തിടെയാണ് നാട്ടിലെത്തിയത്.