താനൂര്‍: ഫേസ്ബുക്ക് വഴി നഗ്‌ന വീഡിയോ കാള്‍ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം സജീവം. സ്ത്രീയുടെ പ്രൊഫൈല്‍ ഫോട്ടോ വെച്ച് റിക്വസ്റ്റ് അയച്ചാണ് തട്ടിപ്പ് സംഘം തട്ടിപ്പ് നടത്തുന്നത്. താനൂരില്‍ നിരവധിപേര്‍ തട്ടിപ്പിനിരയാതായി പൊലീസ് അറിയിച്ചു. ആദ്യം ഒരു സ്ത്രീയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് റിക്വസ്റ്റ് വരും. അത് അക്സെപ്റ്റ് ചെയ്താല്‍ പിന്നീട് ഒരു വീഡിയോ കോള്‍ വിളിക്കുകയും കോളിലെ സ്ത്രീ നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്യും. 

അതോടൊപ്പം തന്നെ കോള്‍ സ്വീകരിച്ചയാളുടെ വിഡിയോ അവര്‍ റെക്കോര്‍ഡ് ചെയ്യുകയും വീഡിയോയിലെ മുഖം വെച്ച് അശ്ലീലരൂപേണ വീഡിയോ എഡിറ്റ് ചെയ്ത് സ്‌ക്രീന്‍ ഷോട്ടുകള്‍ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യും. 9759476308 എന്ന് നമ്പറിലേക്ക് ഗൂഗിള്‍ പേ വഴി പണം ആവശ്യപ്പെടും. പലരും മാനഹാനി ഭയന്ന് ചോദിക്കുന്ന പണം നല്‍കും. ഡിലീറ്റ് ചെയ്യാം എന്ന് ഉറപ്പിന്മേലാണ് പണം നല്‍കുന്നതെങ്കിലും വീണ്ടും വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. 

പരിചയമില്ലാത്തവരുടെ പേരില്‍ വീഡിയോ കോള്‍ വന്നാല്‍ അറ്റന്‍ഡ് ചെയ്യാതെ അവരെ ബ്ലോക്ക് ചെയ്യണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. താനൂരില്‍ പല ആളുകള്‍ക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും പരാതികള്‍ കിട്ടിയതായും താനൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി പ്രമോദ് പറഞ്ഞു. ഗൂഗിള്‍ പേ പരിശോധിച്ചപ്പോള്‍ ഉത്തര്‍പ്രദേശിലെ  ജലാല്‍ പൂര്‍ എന്ന വിലാസമാണ് ലഭിക്കുന്നതെന്ന് സി ഐ പറഞ്ഞു.