കട്ടപ്പന: ഇടുക്കി തേക്കടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് രണ്ടരക്കോടി രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു കടത്തിയ മാനേജറും രണ്ട് സെക്യൂരിറ്റി ജീവനക്കാരും അറസ്റ്റില്‍. ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് പുറമെ വാതിലും ജനലും വരെ പൊളിച്ചുവില്‍ക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെക്കൂടി പിടികൂടാനുണ്ടെന്ന് കുമളി പൊലീസ് പറഞ്ഞു. 

തേക്കടി സാജ് ജംഗിള്‍ വില്ലേജ് റിസോര്‍ട്ടിലാണ് വമ്പന്‍ മോഷണം. തിരുവനന്തപുരം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ അടഞ്ഞു കിടക്കുകയായിരുന്നു. നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന മാനേജര്‍ ഹരിപ്പാട് സ്വദേശി രതീഷ്, സെക്യൂരിറ്റി ജീവനക്കാരായ നീതിരാജ്, പ്രഭാകര പിള്ള എന്നിവരാണ് മോഷ്ണം നടത്തിയത്. റിസോര്‍ട്ടിലെ 52 റൂമുകളിലെ ടി വി, എ.സി, ഫര്‍ണീച്ചറുകള്‍, അടുക്കളയിലെ സാധനങ്ങള്‍ തുടങ്ങി ഒട്ടുമിക്ക സാധനങ്ങളും മോഷണം പോയി. വാതിലുകളും ജനലുകളും പുഴക്കിയെടുത്ത് വിറ്റിട്ടുണ്ട്

സാധനങ്ങള്‍ പൊളിച്ചിരുന്നത് മാനേജറുള്‍പ്പടെയുള്ളവരായതിനാല്‍ പരിസരവാസികള്‍ക്കും സംശയം തോന്നിയിരുന്നില്ല. മോഷ്ടിച്ച സാധനങ്ങള്‍ കുമളിയിലെ ചില റിസോര്‍ട്ടുകളിലേക്ക് ഉള്‍പ്പടെ വിറ്റതായാണ് പ്രതികള്‍ പറയുന്നത്. ചിലത് മറ്റ് ജില്ലകളിലേക്കും കടത്തി. മോഷ്ടണത്തില്‍ രണ്ട് പേര്‍ കൂടി ഉണ്ടെന്ന വിവരവും പ്രതികളില്‍ നിന്ന് കിട്ടിയിട്ടുണ്ട്. ഇവര്‍ വൈകാതെ അറസ്റ്റിലാവുമെന്ന് കുമളി പൊലീസ് അറിയിച്ചു.