കൊല്ലം: കൊല്ലം കടക്കൽ ഇട്ടിവയില്‍ ഭാര്യയേയും മകനേയും കൊന്ന് വിമുക്തഭടൻ ആത്മഹത്യ ചെയ്തു . കുടുംബ പ്രശ്നങ്ങളാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇട്ടിവ വയ്യാനം പികെ ഹൗസില്‍ സുദര്‍ശനനാണ് ഭാര്യ വസന്തകുമാരിയേയും മകൻ അഡ്വ.സുധേഷിനേയും വെട്ടിക്കൊന്നശേഷം തൂങ്ങി മരിച്ചത് . രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം . ഇവരുടെ വീട്ടില്‍ വഴക്ക് നിത്യ സംഭവമായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു . ഇന്ന് രാവിലേയും ഈ വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നെങ്കിലും ആരും പോയി നോക്കിയില്ല . എന്നാല്‍ വൈകുന്നേരമായിട്ടും വീട്ടില്‍ നിന്ന് ആരേയും പുറത്തുകാണാത്തിനെത്തുടര്‍ന്ന് ആളുകള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വസന്തകരുമാരിയുടെ മൃതദേഹം അടുക്കളയോട് ചേര്‍ന്നുള്ള മുറിയിൽ കണ്ടത് .

തുടര്‍ന്നുളള പരിശോധനയില്‍ സുധീഷിനെ മറ്റൊരു മുറിക്കുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടു . സുദര്‍ശനൻ വീടിനോട് ചേര്‍ന്നുള്ള ചായ്പിലാണ്
തൂങ്ങി മരിച്ചത്. 

പൊലീസെത്തി നടപടികൾ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി . ബന്ധുക്കളില്‍ നിന്ന് മൊഴി എടുത്തശേഷമാകും തുടര്‍ നടപടികള്‍ .
കുടുംബപ്രശ്നം ഉണ്ടായിരുന്നതിനാല്‍ കോടതി നിര്‍ദേശ പ്രകാരമാണ് ഭാര്യയും മകനും സുദര്‍ശനനൊപ്പം ഒരേ വീട്ടില്‍ കഴിഞ്ഞിരുന്നത്.