കാലടി: മറ്റൂർ ക്ഷേത്രത്തിൽ കവർച്ച. മൂന്ന് ഭണ്ഡാരങ്ങളിലെ പണവും ഒരു പവന്റെ സ്വർണവുമാണ് മോഷണം പോയത്.  എയർപോർട്ട് റോഡിനു സമീപത്തുള്ള മറ്റൂർ നീലം കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പണവും സ്വർണവുമാണ് മോഷണം പോയത്. 

രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം ആദ്യം അറിയുന്നത്. ക്ഷേത്ര ഓഫീസിലെ അലമാരയിലെ വസ്തുക്കൾ വലിച്ച് വാരി ഇട്ടിരിക്കുകയായിരുന്നെന്നു ഇവർ പറയുന്നു. മോഷണം പോയ മൂന്ന് ഭണ്ഡാരങ്ങളിൽ ഒരെണ്ണം സമീപത്തെ പാടത്തു നിന്നുമാണ് ലഭിച്ചത്. 

കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഭണ്ഡാരം അവസാനമായി തുറന്നത്. മോഷണം പോകുമ്പോൾ ഇതിൽ എത്ര രൂപ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല. ഇതുകൂടാതെ ക്ഷേത്രതത്തിലെ ഒരു പവന്റെ സ്വർണ പതക്കവും മോഷണം പോയിട്ടുണ്ട്. കാലടി പൊലിസ് അന്വേഷണം തുടങ്ങി. രാവിലെ പൊലീസ് നായയും സംഭവ സ്‌ഥലം പരിശോധിച്ചിരുന്നു.