കണ്ണൂര്‍: കൊവിഡ് ഭീതിക്കിടെ കണ്ണൂര്‍ ആലക്കോട് എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം. എസ്ബിഐ ബാങ്കിന്റെ എടിഎമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. പണം നഷ്ടമായില്ലെങ്കിലും കൊവിഡ് കാലത്തെ സാഹചര്യം മുതലാക്കിയുള്ള കവര്‍ച്ച ശ്രമം പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

ആലക്കോട് ന്യൂ ബസാറില്‍ ബാങ്കിനോട് ചേര്‍ന്ന എടിഎമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ലോക്ക്ഡൗണിന്റെ ഭാഗമായി കടകളെല്ലാം നേരത്തെ അടച്ചതോടെ വിജനമായിരുന്നു പ്രദേശം. എടിഎം മെഷിന്റെ താഴത്തെ വാതില്‍ കുത്തി ഇളക്കിയ നിലയിലാണ്. എടിഎം സ്‌ക്രീനിനും കേടുപാടുകളുണ്ട്. 

രാവിലെ ഒമ്പത് മണിയോടെ ബാങ്ക് ഉദ്യോഗസ്ഥര്‍ എടിഎമ്മില്‍ കയറിയപ്പോഴാണ് കവര്‍ച്ചാ ശ്രമം ശ്രദ്ധയില്‍പ്പെട്ടത്. പരിശോധനയില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി. പൊലീസും ഡോഗ്‌സ്വക്വാഡും സ്ഥലത്തെത്തി വിശദമായി പരിശോധിച്ചു. എടിഎമ്മിലെയും സമീപത്തെ കടകളിലേയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. സംഘം ചേര്‍ന്നല്ല കവര്‍ച്ചാ ശ്രമമെന്നാണ് പൊലീസ് നിഗമനം. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന കിട്ടിയെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.