പള്ളിയുടെ 40 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇരുന്നൂറോളം സിസിടിവികളും അൻപതിനായിരത്തിലധികം കോളുകൾ പരിശോധിച്ചുമാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനം കുന്നുംപുറം സെന്‍റ് സേവ്യേഴ്സ് പള്ളിയിൽ വൈദികരെ പൂട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഘം പിടിയിൽ. അന്തര്‍ സംസ്ഥാന മോഷ്ടാക്കളായ തലശ്ശേരി സ്വദേശി റൗഫ്, ബംഗലൂരുവിൽ താമസിക്കുന്ന എറണാകുളം സ്വദേശി അലക്സ് സൂര്യ എന്നിവരാണ് അറസ്റ്റിലായത്. പള്ളിയുടെ 40 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇരുന്നൂറോളം സിസിടിവികളും അൻപതിനായിരത്തിലധികം കോളുകൾ പരിശോധിച്ചുമാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

ഈ മാസം എട്ടിനാണ് ബൈക്കിലെത്തിയ സംഘം നാല് വൈദികരെ മുറിയിൽ പൂട്ടിയിട്ട ശേഷം ആറുലക്ഷം രൂപ കവര്‍ന്നത്. തൃക്കൊടിത്താനം മാതൃകയിൽ ചെങ്ങന്നൂരിലെ പള്ളിയിൽ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ മാവേലിക്കരയിൽ വച്ച് റൗഫിനേയും അലക്സിനേയും പൊലീസ് പിടികൂടി. കോട്ടയം എസ്പിയുടെ മേൽനോട്ടത്തിൽ ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഗമാണ് ഒരാഴ്ച്ചയ്ക്കുള്ളിൽ പ്രതികളെ പിടികൂടിയത്. പള്ളികളിലും ക്ഷേത്രങ്ങളിലും പതിവായി കവര്‍ച്ച നടത്തുന്ന രണ്ടംഗസംഘം കോട്ടയം, ആലപ്പുഴ ജില്ലകളിൽ വിവിധ മോഷണ-കഞ്ചാവ് കേസുകളിൽ പ്രതികളാണ്.

തൃക്കൊടിത്താനത്തെ വീടുകളിൽ മോഷണം നടത്താനെത്തിയ പ്രതികൾ അത് നടക്കാതെ വന്നപ്പോഴാണ് പള്ളിമേടയിൽ കയറി കവര്‍ച്ച നടത്തിയത്. മോഷ്ടിച്ച ആറുലക്ഷം രൂപ ഇരുവരും പങ്കിട്ടെടുത്തു. ഇരുവരുടേയും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ബംഗലൂരുവിലെ ജയിലിൽ വച്ച് പരിചയപ്പെട്ട ശേഷമാണ് പ്രതികൾ വിവിധ കവര്‍ച്ചകൾ ആസൂത്രണം ചെയ്തത്.